ന്യൂഡല്‍ഹി: ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥിയെ പോലീസ് പിടിയില്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കൂടാതെ ഇവിടുന്ന് 122 കോടി രൂപ സാമ്പത്തിക തട്ടിപ്പും ഇയാള്‍ നടത്തിയതായി ആരോപണം ഉണ്ട്. സ്വാമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞ് ഓഗസ്റ്റ് മുതല്‍ ഒളിവിലായിരുന്നു. ആറ് പേജുള്ള പരാതി ഫയലില്‍ 21 വയസ്സുള്ള വിദ്യാര്‍ഥിനിയുടെ മൊഴിയും, മറ്റു 32 വനിതകള്‍ നേരിട്ട പീഡനാനുഭവങ്ങളുടെ പരാമര്‍ശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേസില്‍ ചൈതന്യാനന്ദ മുന്‍കൂട്ടി തയ്യാറാക്കിയ വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകളുള്ള ഓട്ടോയില്‍ ചൂണ്ടിക്കാണിക്കുകയും, 18 ബാങ്ക് അക്കൗണ്ടുകളും 28 സ്ഥിരനിക്ഷേപങ്ങളിലായി 8 കോടി രൂപ അടങ്ങിയിരുന്നുവെന്നും കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് കോഴ്സുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥിനികളെ ഗുരു പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

32 വിദ്യാര്‍ഥിനികളുടെ മൊഴികളില്‍ 17 പേര്‍ അസഭ്യ വാട്സാപ്പ് സന്ദേശങ്ങളും, അപമാനകരമായ ഭാഷാപ്രയോഗവും, അനാവശ്യമായ ശാരീരിക സ്പര്‍ശനവും നേരിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഒളിത്താവളവും രൂപവും മാറ്റിക്കൊണ്ടിരുന്ന ഇയാളെ പോലീസ് പിടിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇയാളെ കണ്ടെത്താന്‍ അഞ്ച് ലധികം സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഒടുവില്‍ ശനിയാഴ്ച വൈകിട്ട് ആഗ്രയില്‍ വെച്ച് ഇയാളെ പിടികൂടി ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതായി പോലീസ് വ്യക്തമാക്കി.

അതേസമയം, പീഡനപരാതികളുടെയും കോടികളുടെ ട്രസ്റ്റ് തട്ടിപ്പിന്റെയും പശ്ചാത്തലത്തില്‍ പ്രതിയുമായുള്ള ബന്ധം വിച്ഛേദിച്ചതായി കോളജിന് നേതൃത്വം നല്‍കുന്ന പീഠം നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. കോളജിന്റെ ഉടമസ്ഥന്‍ ശ്രീ ശൃംഗേരി ശാരദാ പീഠത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പി.എ മുരളിയാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.