കാസര്‍കോട്: കേരളത്തില്‍ നിന്ന് പിടികൂടിയ യുഎപിഎ കേസിലെ പ്രതിയായ ബംഗ്ലദേശ് സ്വദേശി എം ബി ഷാബ് ഷെയ്ഖ് (32) അല്‍ഖ്വയിദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചു. അസം പൊലീസ് കാഞ്ഞങ്ങാട്ടെത്തിയാണ് നാലുദിവസം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. അസം സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ തേടിയെത്തിയത്. അല്‍ഖ്വായിദ കൂടാതെ ഇയാള്‍ ബംഗ്ലാദേശി തീവ്രവാദ സംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിന്റെയും സജീവ പ്രവര്‍ത്തകനാണെന്നാണ് വിവരം. അസം സര്‍ക്കാര്‍ യു എ പി എ ചുമത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഒളിവ് ജീവിതം നയിച്ചുവരികയായിരുന്നു ഇയാള്‍.

ഇന്ത്യയില്‍ കടന്ന് അസം പൗരന്‍ എന്ന വ്യാജ പാസ്പോര്‍ട്ടുണ്ടാക്കിയാണ് ഇയാള്‍ കേരളത്തിലെത്തിയത്. ഇയാളെ കാസര്‍കോട് പടന്നക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 തൊട്ട് കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നാണ് വിവരം.കെട്ടിട നിര്‍മാണ തൊഴിലാളിയെന്ന വ്യാജേനെയായിരുന്നു ഒളിവുജീവിതം. ഒരു മാസം മുമ്പാണ് പടന്നക്കാടെത്തിയത്. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കെട്ടിട നിര്‍മ്മാണ ജോലി ചെയ്തു.

വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തില്‍ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പടന്നക്കാട് ഓവര്‍ബ്രിഡ്ജിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് അസം സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഇയാളെ പിടികൂടിയത്. പതിനെട്ടാം തീയതി പുലര്‍ച്ചെ അഞ്ചിനാണ് പൊലീസ് പ്രതിയുടെ വാടകമുറി വളഞ്ഞത്. അസമില്‍ ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിയാണ് ഇയാള്‍.

അമ്മ ബംഗ്ലദേശ് സ്വദേശിനിയും പിതാവ് ബംഗാള്‍ സ്വദേശിയുമാണെന്ന ഇയാളുടെ മൊഴി പൊലീസ് തള്ളി. 4 വര്‍ഷമായി കാസര്‍കോട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് പെയ്ന്റിങ്, കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്യുന്ന പ്രതി കാസര്‍കോട്, കളനാട്, ചെര്‍ക്കള എന്നിവിടങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.

ഡിസംബര്‍ 10ന് ആണ് ഇയാള്‍ക്കെതിരെ അസമില്‍ യുഎപിഎ ചുമത്തി കേസെടുത്തത്. പ്രതി സമൂഹമാധ്യമം ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വാസസ്ഥലം കണ്ടെത്താന്‍ സഹായിച്ചത്.ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ (1) ഹാജരാക്കിയശേഷം മംഗളൂരു വിമാനത്താവളംവഴി പ്രതിയെ അസമിലേക്കു കൊണ്ടുപോയി.

ആര്‍എസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാനും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയിലെത്തിയതെന്നും അസം പൊലീസിലെ സ്പെഷല്‍ ഡിജിപി ഹര്‍മീത് സിംഗ് പറഞ്ഞു. അന്‍സാറുളള ബംഗ്ലാ ടീം തലവന്‍ ജസിമുദ്ദീന്‍ റഹ്‌മാനിയുടെ അടുത്ത അനുയായി ഫര്‍ഹാന്‍ ഇസ്രാക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണ് അസം പൊലീസ് വെളിപ്പെടുത്തുന്നത്.

അസമിലും പശ്ചിമ ബംഗാളിലും തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കാന്‍ ഇയാള്‍ സഞ്ചരിച്ചതായും നവംബറിലാണ് ഇന്ത്യയിലെത്തിയതെന്നും അസം പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരങ്ങളുടെ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ തീവ്രവാദ ബന്ധമുളളവരെ പിടികൂടാനും അസം പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ പ്രഘട്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. ഇയാളടക്കം എട്ട് പേരെ അസം പൊലീസ് പിടികൂടിയിട്ടുണ്ട്. കേരള പൊലീസിന്റെ സഹായത്തോടെയാണ് കാഞ്ഞങ്ങാട് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ ഒരേസമയമായിരുന്നു പരിശോധനകള്‍ നടത്തിയത്.

മിനറുള്‍ ഷെയ്ഖ് (40) എംഡി അബ്ബാസ് അലി (33), നൂര്‍ ഇസ്ലാം മണ്ഡല്‍ (40), അബ്ദുള്‍ കരീം മണ്ഡല്‍ (30), മോജിബര്‍ റഹ്‌മാന്‍(46), ഹമീദുല്‍ ഇസ്ലാം (34), ഇനാമുല്‍ ഹഖ് (29) എന്നിവരാണ് പിടിയിലായ മറ്റ് ഏഴുപേര്‍. ഇവരില്‍ നിന്ന് മതഗ്രന്ഥങ്ങളും ജിഹാദിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഷാബ് ഷെയ്ഖില്‍ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.