- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ല; താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയത്; അവനെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്; പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്തായ പെൺകുട്ടി; കേസിൽ വിശദമായ അന്വേഷണത്തിന് പാറശാല പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്തായ പെൺകുട്ടി. മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്റെ മകൻ ജെ പി ഷാരോൺരാജ് മരിച്ച സംഭവത്തിലാണ് പെൺകുട്ടി കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചത്. വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോൺ മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഷാരോണിന്റെ സഹോദരന് അയച്ച സന്ദേശത്തിൽ തന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ലെന്നും താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്നും പെൺകുട്ടി വ്യക്തമാക്കി.
.'അന്ന് രാവിലെയും താൻ അത് കുടിച്ചതാണ്. അതിലൊന്നും കലർന്നിട്ടില്ല', എന്ന് പറഞ്ഞ യുവതി അന്നായിരുന്നു അവസാനമായി അത് കുടിച്ചതെന്നും പറയുന്നുണ്ട്. 'ഷാരോണെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്. വീട്ടിൽ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏൽക്കാൻ സാധ്യതയില്ലെന്ന് ഉറപ്പ് നൽകുന്നു' പെൺകുട്ടി വ്യക്തമാക്കി.
നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്സി റേഡിയോളജി വിദ്യാർത്ഥി ജെ പി ഷാരോൺരാജ് ഈ മാസം 25നാണ് മരിച്ചത്. പതിനാലാം തീയതിയാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നത്. പെൺകുട്ടി കഷായവും മാംഗോ ജ്യൂസും കുടിക്കാൻ കൊടുത്തെത്ത് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഇതിനുശേഷം ഷാരോൺ ഛർദ്ദിച്ച് അവശനായാണ് പുറത്തിറങ്ങി വന്നതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും പറയുന്നു. സുഹൃത്തിനെ പുറത്തുനിർത്തിയാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്.
ഈ മാസം 14ന് തമിഴ്നാട് രാമവർമ്മൻചിറയിലുള്ള കാമുകി വിളിച്ചതിനെ തുടർന്നാണ് ഷാരോൺ അവരുടെ വീട്ടിലേക്ക് പോയതെന്ന് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവിടെ നിന്നും യുവതി നൽകിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛർദ്ദിച്ച് അവശനായ ഷാരോൺ രാജ് 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്തരാവയവങ്ങൾക്ക് ക്ഷതം ഏൽപ്പിക്കുന്ന ആസിഡ് പോലുള്ള ദ്രാവകം കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
അതേസമയം യുവതിയുടെ ജാതകദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിച്ച് ഷാരോൺ രാജിന്റെ കുടുംബം രംഗത്തു വന്നിരുന്നു. ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മിൽ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായി കുടംബം പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്.
പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, തന്റെ ജാതക പ്രകാരം നവംബറിന് മുമ്പ് തന്റെ വിവാഹം നടന്നാൽ ആദ്യ ഭർത്താവ് മരിക്കുമെന്ന് യുവതി, ഷാരോണിനോട് പറഞ്ഞിരുന്നെന്നും ഇതിനാലാണ് സെപ്റ്റംബറിലേക്ക് വിവാഹം മാറ്റിവച്ചതെന്നും ഷാരോണിന്റെ കുടുംബം പറയുന്നു.
അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പാറശാല പൊലീസ് പറയുന്നത്. എന്നാൽ, കേസ് അട്ടിമറിക്കാനായി പൊലീസ് അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് ആരെയോ ഭയക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ഡോക്ടർമാർ ഷാരോണിന് വിഷാംശമുള്ള ഭക്ഷണം നൽകിയാകാമെന്ന് അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്.
ഇതിനെ തുടർന്നാണ് മജിസ്ട്രേറ്റെത്തി ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിനോടും സംഭവിച്ചതെന്താണെന്ന് ഷാരോൺ കൃത്യമായി പറഞ്ഞിരുന്നു. എന്നാൽ പാറശ്ശാല പൊലീസ്, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. സംഭവം വിവാദമായതോടെ കേസ് വിശദമായി അന്വേഷണിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ