- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാക്കള്‍ക്ക് വാട്സ് ആപ്പ് വഴി ചിത്രം അയച്ചു കൊടുത്ത് വിവാഹ ആലോചന; കെണിയില്‍ വീണാല്‍ യുവാക്കളുടെ കാര്യം കഷ്ടം! ഹണിമൂണ്‍ കഴിഞ്ഞാല്‍ മുങ്ങും പണവും സ്വര്‍ണവുമായി മുങ്ങും; ഏഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെ; വന്‍ വിവാഹ തട്ടിപ്പുകാരി പിടിയില്‍
വന്‍ വിവാഹ തട്ടിപ്പുകാരി പിടിയില്‍
ജയ്പുര്‍: എഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെ! രാജ്യത്തെ നടുക്കുന്ന വിവാഹ തട്ടിപ്പുകാരിയായി മാറുകയാണ് അനുരാധ പാസ്വാന്‍ എന്ന 23കാരി. ഭോപ്പാല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ വിവാഹ തട്ടിപ്പു സംഘത്തില്‍ പെട്ട യുവതിയെ രാജസ്ഥാനിലെ സവായ് മധോപുര്‍ പോലീസാണ് പിടികൂടിയത്. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് ഇവരുടെ ഓപ്പറേഷന്‍ ശൈലി.
ഏഴുമാസത്തിനിടെ 25-ഓളം യുവാക്കളെ വിവാഹംകഴിച്ച യുവതി, ഇവരുടെ സ്വര്‍ണവും പണവും ഉള്‍പ്പെടെ കവര്‍ന്നതായി പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ പിടിയിലാകുന്നത്. സവായ് മധോപോര്‍ സ്വദേശിയായ വിഷ്ണു ശര്‍മ എന്നയാളാണ് അനുരാധയ്ക്കെതിരേ മെയ് മൂന്നാം തീയതി പോലീസില്‍ പരാതി നല്‍കിയത്. സുനിത, പപ്പു മീണ എന്നീ ദല്ലാളുമാര്‍ വഴിയാണ് വിഷ്ണു ശര്‍മ അനുരാധയുമായുള്ള വിവാഹം ഉറപ്പിച്ചത്. ദല്ലാളുമാര്‍ക്ക് യുവാവ് രണ്ടുലക്ഷം രൂപയും നല്‍കി.
ഏപ്രില്‍ 20-നായിരുന്നു അനുരാധയുമായുള്ള വിവാഹം. എന്നാല്‍, മെയ് രണ്ടാം തീയതി വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പെടെ കൈക്കലാക്കി ഭാര്യ മുങ്ങിയെന്നായിരുന്നു വിഷ്ണു ശര്‍മയുടെ പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭോപാലില്‍നിന്ന് യുവതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഇവര്‍ സ്ഥിരം വിവാഹ തട്ടിപ്പുകാരിയാണെന്നും തെളിഞ്ഞു.
ഭോപാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ വിവാഹത്തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് അനുരാധയെന്നാണ് പോലീസ് നല്‍കുന്നവിവരം. നേരത്തേ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു അനുരാധ. ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഭോപാലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് വിവാഹത്തട്ടിപ്പ് സംഘവുമായി ബന്ധം സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.
വിവാഹം ആലോചിക്കുന്ന യുവാക്കള്‍ക്ക് വാട്സാപ്പ് വഴി അനുരാധയുടെ ചിത്രം അയച്ചുകൊടുക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. വിവാഹദല്ലാളുമാരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ടവര്‍ യുവതിയുടെ ഫോട്ടോ അയച്ചുനല്‍കുക. തുടര്‍ന്ന് വിവാഹം ഉറപ്പിച്ചാല്‍ രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപ വരെ ഇവര്‍ ഈടാക്കും. വിവാഹം കഴിഞ്ഞാല്‍ അനുരാധ വരനൊപ്പം ഏതാനുംദിവസം താമസിക്കും. പിന്നീട് വരന്റെ സ്വര്‍ണവും പണവും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം കൈക്കലാക്കി ഇവര്‍ മുങ്ങുകയാണ് ചെയ്യാറുള്ളതെന്നും പോലീസ് പറഞ്ഞു.
വിഷ്ണു ശര്‍മയുടെ പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങിയ യുവതി ഇതിനുപിന്നാലെ ഭോപാലിലെ ഗബ്ബാര്‍ മേഖലയില്‍നിന്ന് മറ്റൊരു യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഈ സമയത്താണ് പോലീസ് സംഘം വേഷംമാറി യുവതിയെയും തട്ടിപ്പുസംഘത്തെയും ബന്ധപ്പെട്ടത്. അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ വേഷംമാറി വിവാഹം ആലോചിക്കുന്ന യുവാവെന്ന വ്യാജേന വിവാഹ ദല്ലാളുമാരെ ബന്ധപ്പെട്ടു. ഇവര്‍ മുഖേന അന്വേഷണസംഘം യുവതിയെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ട രോഷ്നി, രഘുഭീര്‍, ഗോലു, മജ്ബൂത്ത് സിങ് യാദവ്, അര്‍ജാന്‍ തുടങ്ങിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു.