- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമവിരുദ്ധ ലാബുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലൈസര്‍ജിക് ആസിഡ്; എല്‍എസ്ഡി സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവാകും; ഷീലാ സണ്ണിയെ ചോദ്യം ചെയ്ത ആ എക്സൈസുകാരന് ചതി അന്നേ തിരിച്ചറിഞ്ഞു; കേസ് ഡയറിയിലും സംശയം എത്തി; അമ്മയെ അഴിക്കുള്ളിലാക്കിയത് മകനും മരുമകളുമോ? 'ആഫ്രിക്കന്‍ ചതിയില്‍' ആരെല്ലാം കുടുങ്ങും?
തൃശ്ശൂര്‍: 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിക്കേസില്‍നിന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ രക്ഷിച്ചത് എല്‍എസ്ഡി സ്റ്റാമ്പ്. ബെംഗളൂരുവിലുള്ള ആഫ്രിക്കക്കാരനില്‍നിന്ന് പതിനായിരം രൂപ കൊടുത്ത് സ്റ്റാമ്പ് വാങ്ങിയത് ഷീലയ്ക്ക് ജയില്‍ശിക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, മൂന്നു മാസത്തിനുശേഷം കാക്കനാട്ടെ അനലിറ്റിക്കല്‍ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസില്‍നിന്ന് കുറ്റവിമുക്തയായി. ആഫ്രിക്കക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയത്. ഈ ആഫ്രിക്കക്കാരന്‍ വ്യാജനാണ് നല്‍കിയതെന്നാണ് വിലയിരുത്തല്‍. അവിശ്വസനീയമെന്നു തോന്നുംവിധം ഭാഗ്യം ഷീലാ സണ്ണിക്കു തുണയായി. അവരെ കുടുക്കാനായി യഥാര്‍ഥ എല്‍എസ്ഡി സ്റ്റാമ്പുതന്നെ വാങ്ങാനാണ് മരുമകളുടെ സഹോദരി ലിവിയയും സുഹൃത്ത് നാരായണ ദാസും തീരുമാനിച്ചിരുന്നത്. പക്ഷേ അവര്‍ വാങ്ങിയ ലഹരി പരിശോധനയില്‍ പോസിറ്റീവായില്ല. എല്‍എസ്ഡി സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവായേക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ആഫ്രിക്കക്കാരന്‍ പറ്റിച്ചതല്ലെങ്കില്‍ പ്രതികളുടെ അശ്രദ്ധയും അറിവില്ലായ്മയുമാകാം ഷീലയ്ക്കു തുണയായത് എന്ന നിഗമനവും ഉണ്ട്. രാസ പരിശോധനാഫലം നെഗറ്റീവ് ആയതുകൊണ്ട് മാത്രമാണ് ഷീലാ സണ്ണിയെ രക്ഷിച്ച ട്വിസ്റ്റ് കഥയിലുണ്ടായത്.
കുറ്റം ചെയ്തിട്ടില്ലെന്ന ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ ചില ഉന്നതോദ്യോഗസ്ഥര്‍ എക്‌സൈസ് വകുപ്പിലുണ്ടായതും അവര്‍ക്കു തുണയായി. ഷീലാ സണ്ണി റിമാന്‍ഡിലായി ഒരാഴ്ച പിന്നിട്ടശേഷമാണ് എക്‌സൈസ് അസി. കമ്മിഷണറായിരുന്ന ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണോദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തത്. മൂന്നു ദിവസമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ഷീലയ്ക്കു മയക്കുമരുന്നുമായി നേരിട്ട് ബന്ധമില്ലെന്ന് ആദ്യദിവസംതന്നെ ബോധ്യമായിരുന്നതായി ഇപ്പോള്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡി. ശ്രീകുമാര്‍ പറഞ്ഞു. ഇക്കാര്യം കേസ് ഡയറിയിലും രേഖപ്പെടുത്തി. എന്നാല്‍, ഇതിനു ബലം നല്‍കുന്ന തെളിവുകള്‍ അന്ന് ലഭിച്ചിരുന്നില്ല. രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീലയെ കുടുക്കിയവര്‍ക്കായുള്ള അന്വേഷണം എക്‌സൈസ് വകുപ്പ് ഊര്‍ജിതമാക്കി. അങ്ങനെ എല്‍സിഡി സ്റ്റാമ്പ് കേരളത്തിലെ ഒരു കേസിനെ നിര്‍ണ്ണായകമായി സ്വാധീനിച്ചുവെന്നതാണ് വസ്തുത.
നിയമവിരുദ്ധ ലാബുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലൈസര്‍ജിക് ആസിഡ് ഉല്‍പന്നമാണ് എല്‍എസ്ഡി. പക്ഷെ സ്റ്റാമ്പു രൂപത്തില്‍ വിതരണത്തിനെത്തുമ്പോള്‍ ചെറു കൈപ്പ് രുചിയുള്ള ദ്രാവകരൂപത്തിലേയ്ക്ക് ഇതിനെ മാറ്റം വരുത്തുന്നു. മൂഡ് ഇലവേറ്ററായാണ് എല്‍എസ്ഡി ഉപയോഗിക്കപ്പെടുന്നത്. ഡിജെ പാര്‍ട്ടികളിലും മറ്റും ആഘോഷവും നൃത്തവും കൊടുമ്പിരികൊള്ളുമ്പോള്‍ സംഗീതത്തെയും താളത്തേയും കാതുകളിലൂടെ സ്വന്തം മനസിലും ശരീരത്തിലും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എല്‍എസ്ഡി സഹായിക്കുമെന്നാണ് അവകാശവാദം. എല്‍എസ്ഡി ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ഇതൊരു വസ്തുതയാണ്. പക്ഷെ ഇത് ചെറു അളവുകള്‍ മതിയാകാതെ വരികയും അടിമയാക്കപ്പെടുകയും ചെയ്യുന്നതോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുമാണ് നശിക്കുന്നത്. നെഞ്ചിടിപ്പ് ഉയരുന്നതും പിരിമുറുക്കം കൂടുന്നതും സപ്ലിമെന്റ് ഉപയോഗത്തിന്റെ ഇതിന്റെ ലക്ഷണമാണ്.
ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നാരായണദാസ് ഏറെ നാളായി ഒളിവിലായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ സംഘം പിടികൂടിയത്. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നാരായണ ദാസ് നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. നാരായണദാസ് നല്‍കിയ രഹസ്യവിവരം അനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നാരായണദാസിനെതിരെ കേസെടുക്കുകയായിരുന്നു. കള്ളക്കേസുണ്ടാക്കാനായി ലഹരിമരുന്ന് നാരായണദാസ് ശേഖരിച്ചതാണെങ്കില്‍ ഷീലയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഇയാള്‍ക്കും ബാധകമാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ വിഷലിപ്തമാണെന്നും തെറ്റായ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്നും അത്തരം പരാതികള്‍ ഉന്നയിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
2023 മാര്‍ച്ച് 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവര്‍ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടര്‍ന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകളുമായി കുടുംബതര്‍ക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ മരുമകളുടെ സഹോദരീസുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അന്വേഷണം മകനിലേക്ക്
ഷീലയുടെ മകന്‍ സംഗീതിന്റെ പങ്ക് അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സംഗീത് ഹാജരായിട്ടില്ല. ഇന്നലെ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയും അന്വേഷണസംഘം കേസില്‍ പ്രതിചേര്‍ത്തിരുന്നു.ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വ്യാജ എല്‍എസ്ടി സ്റ്റാമ്പ് വച്ചത് ലിവിയ ജോസ് ആണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാരായണദാസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേര്‍ത്തത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ലിവിയയുടെ പേരുണ്ട്. എന്നാല്‍, ലിവിയ ദുബായിലേക്ക് കടന്നിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍പോളിന്റെ സേവനം അറസ്റ്റിന് തേടും.
സംഭവത്തില്‍ എക്സൈസിന് വ്യാജ വിവരം നല്‍കിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസ് ആണെന്ന് കണ്ടെത്തിയിരുന്നു. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ അന്ന് കേസില്‍ പ്രതിചേര്‍ത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചതും. മരുമകളുടെ സ്വര്‍ണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. കടങ്ങള്‍ വീട്ടാനായി ഷീലാ സണ്ണി ഇറ്റലിയിലേക്ക് പോകാന്‍ ശ്രമം നടത്തിയപ്പോള്‍, സ്വര്‍ണത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെയാണ് പോകുന്നതെന്ന് മരുമകളുടെ വീട്ടുകാര്‍ക്ക് പരാതി ഉണ്ടായിരുന്നു.
തനിക്കുകൂടി അവകാശപ്പെട്ട സ്വത്ത് നഷ്ടമാകുമെന്ന ലിവിയയുടെ ചിന്തയാണു വൈരാഗ്യത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. ഷീലയുടെ യാത്ര മുടക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ലഹരിക്കേസ് .