കോഴിക്കോട്: കോഴിക്കോട് മാറാട് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ ഷിംനയുടെ സഹോദരന്‍ ഭര്‍ത്താവിനെതിരെ രംഗത്ത്. തന്റെ സഹോദരി മരിക്കുന്നത് വരെ ഭര്‍ത്താവ് മുറിയുടെ പുറത്ത് കാത്തിരുന്നെന്ന് ഷിംനയുടെ സഹോദരന്‍ ആരോപിച്ചു. ഇരുവരും തമ്മില്‍ വഴക്കുണ്ടായ ശേഷമാണ് ഷിംന മുറിയില്‍ കയറിയത്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആണ് ഷിംന മരിച്ചതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വഴക്കുണ്ടാക്കി 'നിങ്ങളെ കാണിച്ച് തരാം' എന്ന് പറഞ്ഞാണ് ഷിംന മുറിയില്‍ കയറിയത്. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച ഷിംന വീണ്ടും ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രശാന്തിന് അറിയാം. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതായപ്പോഴാണ് സഹോദരി മരിച്ചത് ഷിംനയുടെ സഹോദരന്‍ പറഞ്ഞു. ഷിംന ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൈക്കലാക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചുവെന്നും മകളോട് ചെയ്തത് ക്രൂരതയെന്നും പിതാവ് രാമനാഥന്‍ ഇന്നലെ പറഞ്ഞിരുന്നു.

വെളളിയാഴ്ച രാത്രിയാണ് ഷിംനയെ ഗോതീശ്വരത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പ്രശാന്ത് മദ്യപിച്ചെത്തി പലപ്പോഴും മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നാണ് പിതാവ് രാമനാഥന്‍ പറയുന്നത്. പ്രശാന്തിന്റെ പെരുമാറ്റത്തില്‍ മനംനൊന്താണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തത്. തങ്ങള്‍ നീതി വേണമെന്ന് ആവര്‍ത്തിക്കുകയാണ് രാമനാഥന്‍.

ഗോതീശ്വരം സ്വദേശിയായ ഷിംനയുടെയും പ്രശാന്തിന്റെയും വിവാഹം പത്തുവര്‍ഷം മുമ്പായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എട്ടു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഷിംനയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രശാന്ത് ഷിംനയെ ഉപദ്രവിച്ചിരുന്നുവെന്നും പണം ചോദിച്ച് വീട്ടിലേക്ക് അയച്ചിരുന്നുവെന്നും പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ചാലും ഇല്ലെങ്കിലും ഭയങ്കര ദേഷ്യമായിരുന്നു. പലതവണ മകളോട് തിരിച്ചുവരാന്‍ പറഞ്ഞിട്ടും അവള്‍ കേട്ടില്ല. എല്ലാം ശരിയായിക്കോളും എന്നുപറഞ്ഞ് അവിടെ പിടിച്ചുനിന്നു. ഒരിക്കല്‍ അവളെ കൂട്ടിക്കൊണ്ടുവന്ന് എട്ടുമാസത്തോളം വീട്ടില്‍ നിര്‍ത്തി. പിന്നീട് പ്രശാന്ത് വിളിച്ചതോടെ തിരിച്ചുപോയെന്നും പിതാവ് പറയുന്നു.