ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കുപ്രസിദ്ധരായ പ്രതികൾക്ക് സുഖജീവിതം നയിക്കാൻ സൗകര്യങ്ങളൊരുക്കുന്നതായി റിപ്പോർട്ടുകൾ. സീരിയൽ റേപ്പിസ്റ്റ് ഉമേഷ് റെഡ്ഡി, ഐഎസ്ഐഎസ് ഭീകരൻ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസ് പ്രതി തരുൺ രാജു എന്നിവർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കർണാടക ജയിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

1996 മുതൽ 2022 വരെ 18 കൊലപാതകങ്ങൾക്കും 20 ബലാത്സംഗങ്ങൾക്കും ശിക്ഷിക്കപ്പെട്ട ഉമേഷ് റെഡ്ഡി, ഒന്നിലധികം മൊബൈൽ ഫോണുകൾ ജയിലിനുള്ളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. മുൻ പോലീസ് കോൺസ്റ്റബിളായ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2022-ൽ സുപ്രീം കോടതി അത് പരോളില്ലാത്ത 30 വർഷത്തെ തടവായി കുറച്ചിരുന്നു. മുൻ പോലീസ് കോൺസ്റ്റബിളായിരുന്നു ഉമേഷ് റെഡ്ഡി.

1998 ഫെബ്രുവരി 28-ന് പീനിയ സ്വദേശിനിയായ 37 കാരി ജയശ്രീ മറാഡി സുബ്ബയ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2006 ഒക്ടോബർ 26-ന് ബെംഗളൂരു സെഷൻസ് കോടതി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ഏക ദൃക്സാക്ഷി ഇരയുടെ ഏഴു വയസ്സുള്ള മകനായിരുന്നു. സ്ത്രീകളെ കബളിപ്പിച്ച് വീടിനകത്ത് കയറി, കത്തിമുനയിൽ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച്, കെട്ടിയിട്ട്, ബലാത്സംഗം ചെയ്യുന്ന രീതിയാണ് ഉമേഷ് റെഡ്ഡി പിന്തുടർന്നിരുന്നത്.

ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുള്ള, ഐഎസ്ഐഎസ് റിക്രൂട്ടർമാരിലൊരാളായ മന്ന, കർശന നിരീക്ഷണത്തിൽ കഴിയേണ്ട പ്രതിയാണ്. എന്നിട്ടും ഇയാൾക്ക് ഫോണുകൾ ലഭ്യമാവുകയും മറ്റ് തടവുകാരുടെ മേൽ സ്വാധീനം ചെലുത്താനും ജയിലിന് പുറത്തേക്ക് ആശയവിനിമയം നടത്താനും സ്വാതന്ത്ര്യമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കന്നഡ നടി രാന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തരുൺ രാജു ജയിൽ കോമ്പൗണ്ടിൽ ഫോൺ ഉപയോഗിക്കുകയും സെല്ലിൽ ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളിലും കാണാം. മാർച്ച് 4ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 127.3 കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തതിനെത്തുടർന്നാണ് നടി രണ്യ റാവുവിനെ അറസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തിൽ ജാമ്യം ലഭിച്ചെങ്കിലും, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ശുപാർശ അനുസരിച്ച് കേന്ദ്ര സാമ്പത്തിക ഇൻ്റലിജൻസ് ബ്യൂറോ വിദേശ വിനിമയ സംരക്ഷണം, കള്ളക്കടത്ത് നിരോധന നിയമം പ്രകാരം അറസ്റ്റ് ചെയ്തതോടെ ജാമ്യം റദ്ദാക്കപ്പെട്ടു.

സെപ്റ്റംബറിൽ, 127.3 കിലോഗ്രാം സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് 102.55 കോടി രൂപ പിഴയടക്കാൻ രണ്യ റാവുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 67.6 കിലോഗ്രാം സ്വർണം കടത്തിയതിന് തരുൺ രാജുവിന് 62 കോടി രൂപയും, 63.61 കിലോഗ്രാം സ്വർണം കടത്തിയതിന് സഹിൽ ജെയിൻ, ഭാരത് ജെയിൻ എന്നിവർക്ക് ഓരോരുത്തർക്കും 53 കോടി രൂപ വീതവും പിഴയടക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ പിഴ അടച്ചില്ലെങ്കിൽ കടുത്ത നടപടികളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.