ചണ്ഡീഗഢ്: പാക്കിസ്ഥാനിൽ തീർഥാടനത്തിനെത്തിയ പഞ്ചാബ്‌ സ്വദേശിനിയായ 52 കാരിയെ കാണാതായ സംഭവത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. പഞ്ചാബിലെ കപൂർത്തല സ്വദേശിനിയായ സരബ്ജീത് കൗർ, പാക്കിസ്ഥാനിൽ വെച്ച് ഇസ്ലാം മതം സ്വീകരിച്ച് നാസിർ ഹുസൈൻ എന്ന പാക്ക് പൗരനെ വിവാഹം കഴിച്ചതായാണ് റിപ്പോർട്ട്. സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ ജയന്തിയായ പ്രകാശ് പർവ് ആഘോഷത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്ക് പോയ സംഘത്തിലെ അംഗമായിരുന്നു സരബ്ജീത് കൗർ.

നവംബർ 4-ന്, 1,992 സിഖ് തീർഥാടകരുടെ സംഘത്തോടൊപ്പം സരബ്ജീത് കൗർ വാഗാ-അട്ടാരി അതിർത്തി വഴി പാക്കിസ്ഥാനിൽ പ്രവേശിച്ചിരുന്നു. സംഘം 10 ദിവസത്തെ സന്ദർശനത്തിനു ശേഷം നവംബർ 13-ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. എന്നാൽ സരബ്ജീത് കൗർ സംഘത്തോടൊപ്പം തിരിച്ചെത്തിയില്ല. അടുത്തിടെ പുറത്തുവന്ന ഉറുദു ഭാഷയിലുള്ള 'നിക്കാഹ് നാമ' (ഇസ്ലാമിക വിവാഹ കരാർ) പ്രകാരം, ലാഹോറിൽ നിന്ന് ഏകദേശം 56 കിലോമീറ്റർ അകലെയുള്ള ഷെയ്ഖ്പുര സ്വദേശിയായ നാസിർ ഹുസൈനെയാണ് സരബ്ജീത് വിവാഹം ചെയ്തിരിക്കുന്നത്.

വിവാഹത്തിന് മുമ്പ് അവർ ഇസ്ലാം മതം സ്വീകരിച്ച് 'നൂർ' എന്ന് പേര് മാറ്റിയെന്നും രേഖകളിൽ പറയുന്നു. സരബ്ജീത് വിവാഹമോചിതയാണ്. 30 വർഷത്തോളമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന അവരുടെ മുൻ ഭർത്താവ് കർണൈൽ സിങ്ങിൽ ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. മുക്ത്സർ ജില്ലയിൽ നിന്നാണ് സരബ്ജീതിന്റെ പാസ്‌പോർട്ട് അനുവദിച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ വെച്ച് അവർ അപ്രത്യക്ഷയായതായാണ് ലഭ്യമായ രേഖകൾ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരുടെ കുടിയേറ്റ രേഖകളിൽ ഇവരുടെ പേരില്ല.

സരബ്ജീത് ഇന്ത്യയിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന്, ഇവിടുത്തെ ഇമിഗ്രേഷൻ വകുപ്പ് പഞ്ചാബ് പോലീസിന് വിവരം കൈമാറിയിരുന്നു. പോലീസ് മറ്റ് ഇന്ത്യൻ ഏജൻസികൾക്കും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര കാര്യാലയം പാക്കിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

സിഖുകാരുടെ ഉന്നത സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി), ചരിത്രപ്രസിദ്ധമായ ഗുരുദ്വാരകളിൽ, പ്രത്യേകിച്ച് ഗുരുനാനാക്കിൻ്റെ പ്രകാശ് പർവിനോടനുബന്ധിച്ച് ആദരാഞ്ജലികൾ അർപ്പിക്കാൻ എല്ലാ വർഷവും പാക്കിസ്ഥാനിലേക്ക് തീർഥാടകരുടെ ഒരു സംഘത്തെ അയക്കാറുണ്ട്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യാത്രയ്ക്ക് അനുമതി നിഷേധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം, അതിർത്തിക്കപ്പുറമുള്ള നങ്കാന സാഹിബ് ഗുരുദ്വാരയിലേക്ക് 10 ദിവസത്തെ തീർഥാടനം നടത്താൻ കഴിഞ്ഞ മാസം സർക്കാർ സിഖ് ഭക്തർക്ക് അനുമതി നൽകിയിരുന്നു.