കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വന്‍മയക്കുമരുന്ന് വില്‍പ്പന സംഘം പൊലിസ് റെയ്ഡില്‍ കുടുങ്ങി. യൂത്ത് കോണ്‍ഗ്രസ് എടയന്നൂര്‍ ബ്‌ളോക്ക് ഭാരവാഹിയായ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യില്‍ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.

എംഡിഎംഎ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോട് - ഇരിക്കൂര്‍ റോഡിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് ആറംഗ സംഘം ഇവിടെ മുറിയെടുത്തത്. ശനിയാഴ്ച്ച രാവിലെ മുതല്‍ ഇവിടേക്ക് അപരിചിതരായ യുവാക്കള്‍ വന്നു പോകുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലിസും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സെസ് ടീമും സംയുക്തമായി റെയ്ഡ് നടത്തിയത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ കുറെ കാലമായി മയക്കുമരുന്ന് വില്‍പ്പനക്കാരായ ആറംഗ സംഘം പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പൊലിസും എക്‌സൈസും വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. ഇതിനിടയിലാണ് പ്രതികള്‍ കുടുങ്ങിയത്.