ചിക്കമഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) തിരോധാനത്തില്‍ അതീവ ദുരൂഹതയെന്ന് കുടുംബം. നാലാം ദിവസവും തിരച്ചില്‍ തുടരുമ്പോഴും മകളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍, മകളെ ആരെങ്കിലും മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയതാകാമെന്ന ആരോപണവുമായി ശ്രീനന്ദയുടെ അമ്മ രോഹിണി രംഗത്തെത്തി.

'ന്റെ കുട്ടിയെ ഡ്രഗ് കൊടുത്ത് മയക്കി ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാം. ഇവിടെ ഇറങ്ങിയ ശേഷം ആരെങ്കിലും അവളെ നോട്ട് ചെയ്തിട്ടുണ്ടാകും. അങ്ങനെ അവള്‍ പെട്ടെന്ന് മുകളിലേക്ക് വന്നപ്പോള്‍ കിഡ്നാപ്പ് ചെയ്തതാകാം' - വിതുമ്പലോടെ അമ്മ രോഹിണി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 5.20 വരെ കൂടെയുണ്ടായിരുന്ന മകളെ വെറും നാല് മിനിറ്റിനുള്ളിലാണ് കാണാതായത്. 300 അടി താഴെയുള്ള കൊക്കകളില്‍ വരെ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാത്തതാണ് തട്ടിക്കൊണ്ടുപോകല്‍ സംശയം ബലപ്പെടുത്തുന്നത്.

സംഭവം നടക്കുമ്പോള്‍ മാണിക്കധാര വ്യൂ പോയിന്റില്‍ പത്തുപേര്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാടുനിന്നുള്ള 40 അംഗ യാത്രാസംഘത്തില്‍ ഉള്‍പ്പെടാത്ത ഈ പത്തുപേരെ തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് ചിക്കമഗളൂരു നോര്‍ത്ത് പോലീസ്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ഈ പത്തുപേരെ കേന്ദ്രീകരിച്ച് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് തമ്പടിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കോ ലഹരി സംഘങ്ങള്‍ക്കോ ഇതില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാനാണ് ചിക്കമഗളൂരുവിലെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കുടക് കാട്ടില്‍ കാണാതായ ശരണ്യയെ 72 മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ കഴിഞ്ഞത് നല്‍കുന്ന പ്രതീക്ഷയിലാണ് നാടൊന്നാകെ.

എന്നാല്‍ കാടിനുള്ളില്‍ കുടുങ്ങിയതിനേക്കാള്‍ വലിയൊരു ക്രിമിനല്‍ ഗൂഢാലോചന ശ്രീനന്ദയുടെ കാര്യത്തിലുണ്ടോ എന്ന പേടിയാണ് ഇപ്പോള്‍ പോലീസിനെയും കുഴയ്ക്കുന്നത്. ചിക്കമഗളൂരു എസ്.പി ജിതേന്ദ്രകുമാര്‍ ദയാമയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.