- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കല്‍പ്പറ്റയില്‍ പതിനാറുകാരനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച സംഭവം; കേസില്‍ 18കാരന്‍ പിടിയില്‍; നാഫിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും; പുറത്തുവന്നത് കൊടിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍
കല്‍പ്പറ്റയില്‍ പതിനാറുകാരനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച സംഭവം

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കല്‍പ്പറ്റ സ്വദേശി 18കാരന്‍ നാഫിലാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇയാള്‍ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച കല്‍പ്പറ്റ മെസ് ഹൗസ് റോഡിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രമണത്തിനിടെ തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ 'അടിച്ചത് മതി' എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അക്രമി സംഘം അത് കേള്‍ക്കാന്‍ തയ്യാറായില്ല.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്ത സംഘം, മര്‍ദനത്തിന് ശേഷം ഇരയായ കുട്ടിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം തന്നെ സംഘത്തിലുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
വീട്ടില്‍ പറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്ന പേടി കാരണം മര്‍ദനമേറ്റ വിദ്യാര്‍ത്ഥി വിവരം രക്ഷിതാക്കളില്‍ നിന്ന് മറച്ചുവെച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കല്‍പ്പറ്റ പോലീസ് സ്വമേധയാ ഇടപെട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടിയെയും കുടുംബത്തെയും തിരിച്ചറിഞ്ഞ പോലീസ്, രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പോലീസ് പറഞ്ഞപ്പോഴാണ് സ്വന്തം മകന്‍ ഇത്തരമൊരു ക്രൂരതയ്ക്ക് ഇരയായ വിവരം രക്ഷിതാക്കള്‍ പോലും അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകായിരുന്നു.
നേരത്തെ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (CWC) മുന്‍പാകെ ഹാജരാക്കി. കുറ്റക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം അക്രമാസക്തമായ പ്രവണതകള്‍ രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. നിസ്സാര കാരണങ്ങളുടെ പേരില്‍ നിയമം കൈയ്യിലെടുക്കുന്നതും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും വലിയൊരു സാമൂഹിക വിപത്തായി മാറുകയാണ്. സൈബര്‍ ഇടങ്ങളിലെ സ്വാധീനവും കൃത്യമായ ബോധവല്‍ക്കരണത്തിന്റെ കുറവുമാണ് ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭയമില്ലാതെ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റയില്‍ നടന്ന ഈ സംഭവം സ്‌കൂള്‍ പരിസരങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


