റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 26-കാരിയായ നവവധു തൂങ്ങിമരിച്ചു. മഞ്ജുഷ ഗോസ്വാമി എന്ന യുവതിയാണ് ജീവനൊടുക്കിയത്. ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിൻ്റെ അനിയൻ എന്നിവരാണ് തൻ്റെ മരണത്തിന് കാരണമെന്ന് മഞ്ജുഷ വീഡിയോയിൽ പറയുന്നു. സംഭവത്തിന് മുമ്പ് മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയിലൂടെയാണ് യുവതി ആരോപണങ്ങൾ ഉന്നയിച്ചത്. 10 മാസം മുമ്പാണ് മഞ്ജുഷയുടെ വിവാഹം കഴിഞ്ഞത്.

കരൺ നഗറിലുള്ള ഇവരുടെ വീട്ടിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെ നിരന്തരമായി ഉപദ്രവിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്ത ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിന്റെ സഹോദരൻ എന്നിവരാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ യുവതി ആരോപിക്കുന്നു. ഈ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ 21-ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

പ്രാഥമിക അന്വേഷണത്തിൽ, ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് മഞ്ജുഷയും ഭർത്താവും തമ്മിൽ ടിവി ഓഫ് ചെയ്യുന്നതിനെച്ചൊല്ലി തർക്കമുണ്ടായതായി പോലീസ് കണ്ടെത്തി. ഈ തർക്കത്തെത്തുടർന്ന് ഭർത്താവ് മുറിയിൽ നിന്നു പുറത്തുപോവുകയും അല്പസമയത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.