കൊച്ചി: 21 കിലോയോളം കഞ്ചാവുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. സുനില്‍ നിസാര്‍ എന്ന 26കാരനാണ് പിടിയിലായത്. കായംകുളം സ്വദേശിയാണ്. കൊച്ചി സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന പ്രതിയെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ.എസ് ശ്യാം സുന്ദര്‍ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ് സുദര്‍ശന്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം നര്‍കോട്ടിക് എസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സ്ഫ് ടീം നിരീക്ഷിച്ചുവരികയായിരുന്നു. പാലാരിവട്ടം പാടിവട്ടത്തെ ഹരി അപ്പാര്‍ട്‌മെന്റ് എന്നറിയപ്പെടുന്ന എക്സ്റ്റന്‍ഡ് ഇന്‍സ് ഹോട്ടല്‍ ആന്‍ഡ് ഹോംസ് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഡാന്‍സാഫ് ടീമും പാലാരിവട്ടം പോലീസും നടത്തിയ പരിശോധനയില്‍ നിന്നാണ് 21 കിലോയോളം കഞ്ചാവുമായി പ്രതി പിടിയിലായത്.

അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വില്പന നടത്തി എറണാകുളത്തെ പ്രമുഖ ഫ്‌ലാറ്റുകളില്‍ താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോലീസ് നീക്കം മനസ്സിലാക്കിയ ഇയാള്‍ ഫ്‌ലാറ്റില്‍ നിന്നും താല്‍ക്കാലികമായി മാറി പാലാരിവട്ടത്തുള്ള ഒരു ഹോട്ടലില്‍ താമസിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പടിവാട്ടത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത് വില്‍പ്പന നടത്തുന്നതിന് ശ്രമിക്കുന്നതിനിടയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞവര്‍ഷം കര്‍ണാടക രേഷ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. ഇയാളുടെ കൂട്ടാളികളെ കുറിച്ചും ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയവരെ കുറിച്ചും അന്വേഷണം നടത്തും. കൊച്ചി സിറ്റിയില്‍ ഡാന്‍സാഫ് ടീം വിപുലീകരിച്ചതിന് ശേഷം നിരവധി മയക്കു മരുന്ന് കേസുകളാണ് ഒരു മാസക്കാലം കൊണ്ട് പിടികൂടിയിട്ടുള്ളത്. തുടര്‍ന്നും ഇത്തരം ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.