കോഴിക്കോട്: താമരശ്ശേരിയില്‍ പതിനേഴ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി അദ്ധ്യാപകന്‍ പിടിയില്‍. ഇരിങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഹിഷാമിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസിന്റെ മിന്നല്‍ റെയ്ഡ്.

ഇന്ന് പുലര്‍ച്ചെ മലപ്പുറത്തുള്ള വീട്ടില്‍ വച്ചാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.

നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തില്‍ ഹിഷാം പിടിയിലായിരുന്നു. ഇതിനു പിന്നാലെ യുപി സ്‌കൂള്‍ അധ്യാപകനായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ഹിഷാം ജാമ്യത്തിലിറങ്ങിയത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. 17,38,000 രൂപയുടെ കള്ളനോട്ടുമായി ഹിഷാം വീണ്ടും പിടിയിലായിരിക്കുന്നത്.

ഹിഷാമിന്റെ പിതാവ് സ്‌കൂള്‍ അദ്ധ്യാപകനായിരിക്കെ മരിച്ചതിനാല്‍ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ചയാളാണ് ഹിഷാം. തുടര്‍ന്ന് അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് കള്ളനോട്ട് കേസില്‍ വീണ്ടും ഇയാള്‍ പിടിയിലായത്. ഹിഷാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.