- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ഫ്ളാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ ഓരോന്നിന് ചോദിച്ചത് 5000 രൂപ വീതം; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില്‍ 15,000 രൂപയായി കൈക്കൂലി നിജപ്പെടുത്തി; തൃശ്ശൂരിലെ വീട്ടിലേക്ക് മക്കളുമായി കാറില്‍ പോകവേ കൈക്കൂലി വാങ്ങല്‍; സ്വപ്ന കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി; കൈയോടെ പിടിയിലാകുന്നത് ഇതാദ്യം
സ്വപ്ന കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റിലായ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഞ്ച് ഫ്‌ലാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതിനാണ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറായ സ്വപ്‌ന(43) കൈക്കൂലി വാങ്ങിയത്. കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോര്‍പ്പറേഷനിലെ പതിവു കൈക്കൂലിക്കാരില്‍ ഒരാളായ ഇവര്‍ കുറച്ചുകാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച് ഇവരെ വിജിലന്‍സ് സംഘം പിടികൂടിയത്.
കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാന്‍ എത്തിയത്. കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില സോണല്‍ ഓഫിസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടാണ് സ്വപ്‌ന.
പരാതിക്കാരനില്‍ നിന്നും ആദ്യം 25000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നമ്പര്‍ നല്‍കാന്‍ ഒരെണ്ണത്തിന് 5000 രൂപ എന്ന നിലയില്‍ പണം വേണമെന്നാണ് സ്വപ്‌ന ആവശ്യപ്പെട്ടത്. താന്‍ സാധാരണ വാങ്ങുന്ന തുകയാണ് ഇതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, തുടര്‍ന്നു നടന്ന വിലപേശലില്‍ 15000 രൂപ മതിയെന്ന പറയുകയായിരുന്നു. ഇതോടെ ഇന്ന് രാവിലെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സ് എസ്പിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇതോടെ വൈകുന്നേരം അഞ്ച് മണിക്ക് പണം നല്‍കാമെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് പണം വാങ്ങാന്‍ ഉദ്യോഗസ്ഥ എത്തുകയായിരുന്നു. കൊച്ചി കണിയമ്പുഴയിലെ അസറ്റ് ഹോംസിലെ താമസ സ്ഥലത്തു നിന്നും സ്വന്തം കാറില്‍ തൃശ്ശൂരിലെ വീട്ടിലേക്ക് പോകവേയാണ് പണം വാങ്ങാമെന്ന് ഇവര്‍ അറിയിച്ചത്. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുമായി പാരാതിക്കാരന്‍ വൈറ്റിലയില്‍ എത്തി.
മൂന്ന് മക്കള്‍ക്കൊപ്പം കാറിലാണ് സ്വപ്‌ന എത്തിയത്. വൈറ്റില ഹബ്ബിനടുത്ത് വെച്ച് പണം വാങ്ങാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പൊന്നുരിന്നിയില്‍ എത്താന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. പൊന്നുരിന്നിയില്‍ എത്തിയ പണം വാങ്ങിയ ഇടന്‍ വിജിലന്‍സ് സംഘം കാര്‍ വളയുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസ്സിലാക്കിയ സ്വപ്ന രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികള്‍ ഒപ്പമുള്ളവും ഇറങ്ങിയോടാന്‍ തടസ്സമായി മാറി. വാഹനം ഓടിച്ചു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം പിടികൂടി. കൈമാറിയ പണവും കണ്ടെത്തി.
വിജിലന്‍സിന്റെ പിടിയിലായപ്പോഴും യാതൊരു കൂസലില്ലാതെയാണ് സ്വപ്‌ന പെരുമാറിയത്. തൃശ്ശൂരുള്ള ഭര്‍ത്താവ് എത്തുന്നത് കാത്ത് കാറില്‍ തന്നെ തുടരാന്‍ അനുവദിച്ചിരിക്കയാണ് വിജിലന്‍സ്. മൂന്ന് മക്കളെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് എത്തിയ ശേഷം കൈമാറിയ ശേഷം വിജിലന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കും. സ്വപ്‌നക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരിയാണ് ഇവര്‍. ആരും പരാതി നല്‍കാത്തതു കൊണ്ട് രക്ഷപെട്ട് പോകുകയായിരുന്നു. ഇതാദ്യമായാണ് സ്വപ്‌ന കൈക്കൂലിയുമായി കൈയോടെ പിടിയിലാകുന്നത്.
നാളെ വിജിലന്‍സ് കോടതിയില്‍ ഹാജറാക്കുമെന്ന് എസ് പി ശശിധരന്‍ മറുനാടനോട് പറഞ്ഞു. കൈക്കൂലിക്കാര്‍ക്കെതിരെ പരാതി പറയാന്‍ ജനങ്ങള്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പരാതുമായി മുന്നോട്ടു വരുന്നവര്‍ക്ക് വിജിലന്‍സില്‍ നിന്നും എല്ലാ സഹായവും ലഭിക്കുമെന്നും ശശിധരന്‍ പറഞ്ഞു.