- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വാട്സാപ് ചാറ്റ് നടത്തി പണം തട്ടിയെടുത്തു; തുക തിരികെ ചോദിച്ചപ്പോൾ ഭീഷണി; ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളിൽനിന്ന് തട്ടിയെടുത്തത് 7.65 കോടി രൂപ; അന്വേഷണത്തിൽ വഴിത്തിരിവ്; കേസിൽ രണ്ട് തായ്‌വാൻ സ്വദേശികൾ പിടിയിൽ
ആലപ്പുഴ: ചേർത്തലയിൽ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടു തായ്‌വാൻ സ്വദേശികൾ ഗുജറാത്തിൽ അറസ്റ്റിൽ. ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിലാണ് പ്രതികൾ ഇരകളിൽ നിന്നും പണം തട്ടിയത്. കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നപ്പോഴാണു മുഖ്യകണ്ണികളായ തായ്‌വാൻകാരെ അഹമ്മദാബാദ് പോലീസ് കൈയ്യോടെ പൊക്കി.
ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അറസ്റ്റ് ചെയ്തതെന്നും സബർമതി ജയിലിൽ റിമാൻഡിലുണ്ടെന്നും അറിഞ്ഞത്. ഗുജറാത്തിലെത്തിയ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിലെത്തിച്ചു. വാങ് ചുൻ–വെയ് (സുമോക – 26), ഷെൻ–വെയ് ഹോ (ക്രിഷ് – 35) എന്നിവരാണു കേസിൽ അറസ്റ്റിലായത്.
സൈബർ പോലീസ് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരിലേക്കെത്തിയത്. സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പു കേസാണിത്. ആദ്യം ചേർത്തല പൊലീസ് അന്വേഷിച്ച കേസ്, 5 കോടിയിലേറെ രൂപ ഉൾപ്പെട്ടതായതിനാൽ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നാൽപതോളം അക്കൗണ്ടുകളിലായാണു സംഘം പണം വാങ്ങിയത്. നേരത്തേ പിടിയിലായ കർണാടക സ്വദേശി ഭഗവാൻ റാം ഡി.പട്ടേലിനെ (22) ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വിദേശബന്ധം വെളിപ്പെട്ടതും തായ്‌വാൻ സ്വദേശികളിലേക്ക് അന്വേഷണം എത്തിയതും.
രാജ്യാന്തര ബന്ധമുണ്ടോ എന്നു സംസ്ഥാന സൈബർ സെക്യൂരിറ്റി വിങ് പ്രത്യേകം നിരീക്ഷിക്കുന്ന കേസിലാണു വിദേശ പൗരൻമാർ പിടിയിലായത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അധിക ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ ബുധനാഴ്ച ചേർത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – ഒന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. കേസിൽ അഞ്ചുപേരാണു മുൻപു പിടിയിലായത്. ഇവരിൽ രാജസ്ഥാനിലെ പാലി സ്വദേശി നിർമൽ ജയിൻ (22) ആണു വിദേശികളായ തട്ടിപ്പുകാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നത്.
തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയായി മാറ്റിയിരുന്നത് ഇയാളാണെന്നു പൊലീസ് കണ്ടെത്തി. ഭഗവാൻ റാമാണു ഡോക്ടർ ദമ്പതികളുമായി വാട്സാപ് ചാറ്റ് നടത്തി പണം തട്ടിയെടുത്തത്. വാട്സാപ് ലിങ്ക് അയച്ചുകൊടുത്തു ഗ്രൂപ്പിൽ ചേർത്തു നിക്ഷേപ, ലാഭ വിവരങ്ങൾ കൈമാറി. എന്നാൽ, നൽകിയ തുക തിരികെ ചോദിച്ചപ്പോൾ സംഘം 2 കോടി കൂടി നൽകണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ മൂന്നുപേർ മലയാളികളാണ്.