താമരശ്ശേരി: താമരശേരി ഷഹബാസ് കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടത്. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റാരോപിതരുടെ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം തുടക്കം മുതല്‍ തന്നെ പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളുടെ പങ്കില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കൃത്യത്തില്‍ പ്രതികളുടെ ബന്ധുക്കള്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.

താമരശേരി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശേരി ജിവിഎച്ച്എസ്എസിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹര്‍ജി തള്ളിയത്. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഇവര്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും തള്ളിയിരുന്നു.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.