മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍, പ്രതി അക്ബര്‍ റഹീമിനെ ലൈംഗികക്ഷമതാ പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫോണ്‍ വഴി പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തി.

പൂനെയില്‍ നിന്നും ഉച്ചക്ക് 12 മണിയോടെ ഗരീബ് രഥ് എക്‌സ്പ്രസ്സ് ട്രെയിനിലെത്തിച്ച പെണ്‍കുട്ടികളെ തിരൂര്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വൈദ്യപരിശോധനക്ക് വിധേയരാക്കിയതിന് ശേഷം രഹസ്യമൊഴിയെടുക്കുന്നതിന്നായി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ശേഷം സി ഡബ്ല്യു സിയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. താനൂര്‍ സ്റ്റേഷനിലെ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുട്ടികളെ പൂനെയിലെത്തി ഏറ്റുവാങ്ങി നാട്ടില്‍ തിരിച്ചെത്തിച്ചത്.

സംഭവത്തില്‍ തിരൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ ആലുങ്ങല്‍ വീട്ടില്‍ അക്ബര്‍ റഹീം (26) മിനെയാണ് താനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി കാണാതായ കുട്ടികളുമായി നാല് മാസം മുമ്പാണ് ഇയാള്‍ പരിചയപ്പെടുന്നത്.

കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരെയും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാള്‍ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പര്‍ നിരീക്ഷിച്ചതില്‍ നിന്നും ഇയാള്‍ മുംബൈയിലേക്കുള്ള ട്രെയിനില്‍ കുട്ടികളോടൊപ്പമുണ്ടെന്ന് വ്യക്തമായിരുന്നു.

താനാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ കണ്ടെത്താന്‍ പോലീസുമായി സഹകരിച്ചിരുന്ന ഇയാളെ ഇന്നലെ രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടവില്‍ വെച്ച് ഇയാള്‍ക്ക് ചോദ്യം ചെയ്യലില്‍ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെ പരാതികളിന്മേല്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫോണ്‍ വഴി പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെയടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ ചേര്‍ത്ത മറ്റൊരു കേസും ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കിയതിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.