തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയില്‍ പുറത്ത് വന്നത് വന്‍തോതിലുള്ള നികുതി ക്രമക്കേട്. 45 സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങള്‍ പ്രകാരം, 127.46 കോടി രൂപയുടെ വിറ്റുവരവും 12 കോടി രൂപയുടെ നികുതിയും മറച്ചുവെച്ചതായി കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 29 ലക്ഷം രൂപ ഉടന്‍ പിരിച്ചെടുത്തു. മാസാവസാന സമയത്ത് റിട്ടേണ്‍ സമര്‍പ്പിക്കാതെ, ഇടപാടുകള്‍ ഒളിപ്പിച്ച് നികുതി ഒഴിവാക്കുന്ന സ്ഥാപനങ്ങളാണ് പരിശോധനയ്ക്ക് വിധേയമായത്. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വെട്ടിപ്പ് വെളിവാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

നികുതി വകുപ്പിന്റെ പരിശോധനകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സ്ഥിരതയോടെ നടന്നിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നു. മദ്യവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള ടേണ്‍ഓവര്‍ നികുതി പലരും കൃത്രിമമായി കുറച്ച് കാണിക്കുകയാണെന്നാരോപണം ശക്തമാണ്. വിറ്റുവരവിന്റെ 10 ശതമാനം നികുതി സംസ്ഥാനത്തിന് അടയ്‌ക്കേണ്ടതാണെങ്കിലും, ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ ബാറുടമകള്‍ വ്യത്യാസം വരുത്തുന്നുവെന്നാണ് വിവരം.

2017 വരെ ഉദ്യോഗസ്ഥര്‍ നേരിട്ട് ബാറുകളില്‍ എത്തി രേഖകള്‍ പരിശോധിക്കാറുണ്ടായിരുന്നു. പിന്നീട് ബാറുടമകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് വകുപ്പ് ആശ്രയം വെച്ചത്. ഇതോടെ വില്പനയും ലാഭവും സംബന്ധിച്ച വിവരങ്ങള്‍ മുഴുവനും സ്വയം പ്രഖ്യാപനമായി. 2016-17 കാലത്ത് ലൈസന്‍സില്‍ ഉണ്ടായ നിയന്ത്രണങ്ങള്‍ കാരണം ബാറുകളുടെ എണ്ണം 29 ആയി ചുരുങ്ങിയിരുന്നെങ്കിലും, പ്രതിവര്‍ഷം 300 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ 801 ബാറുകള്‍ പ്രവര്‍ത്തിക്കുന്നിട്ടും, നികുതി വരുമാനം 600 കോടിയില്‍ താഴെയെന്നതാണ് കണക്കുകള്‍. മദ്യവില ഉയര്‍ന്നിട്ടും വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്നത് വകുപ്പിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.