ഡൽഹി: ക്ലാസിനിടെ നടന്ന തർക്കത്തെ തുടർന്ന് പതിനാലുകാരനെ കുത്തികൊലപ്പെടുത്തിയതായി വിവരങ്ങൾ. ഡൽഹിയിലെ ശക്കർപുരിൽ സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് 14-കാരനെ യാണ് കുത്തികൊലപ്പെടുത്തിയത്.

രാജ്കിയ സർവോദയ ബാലവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന ഇഷു ഗുപ്ത(14) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

സ്കൂളിലെ എക്സ്ട്രാ ക്ലാസുകൾക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ് വ്യക്തമാക്കുന്നത്. ക്ലാസ് അവസാനിച്ചതിന് ശേഷം കൃഷ്ണയും മറ്റ് മൂന്ന് നാല് പേരും ചേർന്ന് ഇഷുവിനെ ആക്രമിക്കുകയായിരുന്നു.

പ്രതികളിൽ ഒരാൾ കുട്ടിയുടെ തുടയിൽ കുത്തി. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ഏഴുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 19-ഉം 31-ഉം വയസ്സുള്ളവരാണ് മറ്റ് രണ്ട് പേർ. ഇവർക്ക് അക്രമത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.