- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്
തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്
കണ്ണൂര്‍ :തളിപ്പറമ്പ് പാലകുളങ്ങരയിലെ വയോധികനില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത സംഭവം അപസര്‍പ്പക കഥയെ വെല്ലുന്ന രീതിയിലുള്ള ദൂരുഹതകള്‍ നിറഞ്ഞത്. പ്രതികള്‍ തട്ടിയെടുത്ത രത്‌നക്കല്ലുകള്‍ എവിടെയെന്ന് കണ്ടെത്തുകയാണ് കേസിന്റെ കുരുക്കഴിച്ചെടുക്കുന്നതിന് പൊലീസ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ ഇതൊട്ടും എളുപ്പവുമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറാകാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏറെ ഡിമാന്‍ഡുളള കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ലുകള്‍ പ്രതികള്‍ മറ്റാര്‍ക്കെങ്കിലും വിറ്റോ അതോ വിദേശത്തേക്ക് കടത്തിയോ, രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചോയെന്ന ചോദ്യങ്ങള്‍ക്കാണ് 2 വര്‍ഷത്തിനിപ്പുറം പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അന്വേഷണ സംഘത്തിന് ഇനി ലഭ്യമാകേണ്ടത്.
ഇവരോടൊപ്പം ബൈക്കോടിച്ചു കവര്‍ച്ച നടത്തിയ സ്ഥലത്ത് എത്തിയ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതു കേസിലെ പ്രധാന തെളിവുകളിലൊന്നാണ്. രത്നക്കല്ല് പ്രതികള്‍ ആര്‍ക്ക് കൈമാറി യെന്ന വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും തളിപ്പറമ്പ് പൊലീസ് പറഞ്ഞു.
രത്‌നക്കല്ലുകള്‍ അപഹരിക്കപ്പെട്ട വയോധികന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച്ച രാത്രി പ്രതികള്‍ പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ രണ്ടംഗസംഘത്തെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ചെറുകുന്ന് സ്വദേശികളായ തെക്കുമ്പാട്ടെ എം.കലേഷ്(36), ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പൊലിസ് ഏറെക്കാലത്തെ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.
2023 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍(72)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് പ്രതികള്‍ തട്ടിയെടുത്തത്. 45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചുവരുന്ന ഈ രത്നക്കല്ല് വാങ്ങാനായി ബിജു എന്ന പേരില്‍ ബന്ധപ്പെട്ട കലേഷ് പറഞ്ഞതു പ്രകാരം ജനുവരി ഏഴിന് രാവിലെ 11.10 ന് രത്നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണന്‍. ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ പ്രതികള്‍ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി.
നേരത്തെ ഒരു ജ്വല്ലറിയുടമ ഒരുകോടി രൂപ വിലവരുന്ന രത്നക്കല്ല് കൂടിയ വിലക്ക് താന്‍ വില്‍പ്പന നടത്തിത്തരാമെന്ന് ബിജു എന്ന പേരില്‍ ബന്ധപ്പെട്ട കലേഷ് ഉറപ്പുനല്‍കിയത് പ്രകാരമാണ് കൃഷ്ണന്‍ രത്നവുമായി പ്രതികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയത്. ഇവര്‍ തമ്മിലുള്ള വിലപേശലിനിടെ രത്നകല്ലും ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും അടങ്ങിയ ബാഗും കൃഷ്ണനില്‍ നിന്നും തട്ടിയെടുത്ത് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളുടെ നമ്പറുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പ്രതികളെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചുവെങ്കിലും ഇവര്‍ നാട്ടില്‍ നിന്നും മുങ്ങിയതും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയതും അന്വേഷണത്തിന് തടസമായി.