മധ്യപ്രദേശ്: ഭോപാലിൽ കൂട്ടബലാത്സംഗത്തിനിരയായ 11-ാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. സഹപാഠികളായ നാലുവിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സ്‌കൂള്‍ വിട്ടതിന് ശേഷം സഹപാഠികളായ നാലു വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ശേഷം നാലു വിദ്യാര്‍ത്ഥികള്‍ ചേർന്ന് കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ശേഷം വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തി പീഡന ദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി

എന്നാൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതോടെ പെൺകുട്ടി അമ്മയോട് സംഭവം പറയാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച അമ്മയോട് അതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ അന്ന് സംഭവം പോലീസില്‍ അറിയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടി പതിവുപോലെ സ്‌കൂളില്‍ പോവുകയും ചെയ്തു.

വ്യാഴാഴ്ച ക്ലാസിലെത്തിയ പെണ്‍കുട്ടിയെ പ്രതികളായ സഹപാഠികള്‍ ബലാത്സംഗദൃശ്യങ്ങള്‍ കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, പെണ്‍കുട്ടി ഇതേക്കുറിച്ച് ഒന്നും മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ക്ലാസില്‍ പോകാതിരുന്ന പെണ്‍കുട്ടി വീട്ടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സഹപാഠികളായ നാലുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.