- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രായമായ സ്ത്രീകളെ ലക്ഷ്യമിടും; പിന്നാലെ ആഭരണങ്ങൾ മോഷ്ടിക്കും; കവർച്ചകളെല്ലാം പുലർച്ചെ; രണ്ട് മാസത്തിനിടയില്‍ കവർന്നത് ഇരുപതോളം പവന്‍ സ്വര്‍ണം; ഒടുവിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കുടുങ്ങി; തെളിഞ്ഞത് 12 ഓളം മോഷണ കേസുകള്‍
തൃശൂര്‍: നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കം. ആറുമാസം മുമ്പ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ് നിരവധി മോഷണ കേസുകളിൽ വീണ്ടും പോലീസിന്റെ പിടിയിലായത്. രണ്ട് മാസത്തിനിടയില്‍ ഇരുപതോളം പവന്‍ സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്. ഇതില്‍ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂര്‍ സ്വദേശി മൂര്‍ക്കാഡന്‍ പ്രദീപിനെയാണ് പോലീസ് വലയിലാക്കിയത്.
ഗുരുവായൂര്‍ എ.സി.പി. പി.കെ. ബിജു, എസ്.എച്ച്.ഒ. ജി. അജയകുമാര്‍, എസ്.ഐ. കെ. ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മോഷ്ടിച്ചവ വില്‍ക്കാന്‍ സഹായിച്ച ബേപ്പൂര്‍ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചുമായിരുന്നു പ്രതിയുടെ മോഷണ പരമ്പര.
തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷ, ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചൈതന്യ വീട്ടില്‍ രത്‌നമ്മ, ആറന്മുള സ്വദേശി രേഖ നായര്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി, തെക്കേനടയില്‍ പുളിയശേരി ലജീഷിന്റെ ഭാര്യ സിധു എന്നിവരുടെ മാലകള്‍ കവര്‍ന്നത് ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ നിരവധി വീടുകളില്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. വീട്ടിലെ ഓടുകള്‍ പൊളിച്ച് ഇറങ്ങിയതായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷണത്തിനു ശേഷം രാമനാട്ട്കരയിലേക്ക് പോവുകയും കാശ് ധൂര്‍ത്തടിക്കുകയുമാണ് പതിവ്.
മോഷണ കേസ് പരാതികളെ തുടർന്ന് കുറച്ച് കാലമായി പോലീസ് പ്രതിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. എന്നാൽ പുലര്‍ച്ചെ മോഷണം നടത്തി മടങ്ങുന്നതിനാല്‍ പോലീസിന് പ്രതിയെക്കുറിച്ച് കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാൽ നവംബര്‍ 20ന് മോഷണത്തിനെത്തിയ സമയത്ത് സി.സി.ടിവിയില്‍ പതിഞ്ഞതോടെയാണ് നിര്‍ണായക തെളിവുകൾ പോലീസിന് ലഭ്യമായത്. ബൈക്ക് പൊന്നാനിയില്‍ വച്ചതിനുശേഷം അവിടെനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 12 ഓളം മോഷണ കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.
ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. മോഷ്ടിച്ച 83 ഗ്രാം സ്വര്‍ണം പോലീസ് ഇയാളില്‍നിന്ന് കണ്ടെടുത്തു. കോഴിക്കോട്, ഫാറൂഖ്, കസബ, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഗുരുവായൂര്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. മോഷണം നടത്തിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.