- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ ചടങ്ങുകളിൽ എത്തുന്നത് വരന്‍റെയോ വധുവിന്‍റെയോ ബന്ധുവെന്ന വ്യാജേന; മോഷണം ആരംഭിച്ചത് ഭർത്താവിന്‍റെ ചികിത്സയ്ക്കും, മകന്‍റെ വിദ്യാഭ്യാസവും പണമില്ലാതായതോടെ; പിടിയിലായത് സ്വകാര്യ കോളേജ് പ്രൊഫസർ; കണ്ടെടുത്തത് 32 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ
ബംഗളൂരു: വിവാഹ വേദികളിൽ സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിൽ ബംഗളൂരുവിൽ കോളേജ് പ്രഫസർ അറസ്റ്റിൽ. സ്വകാര്യ കോളജിലെ കന്നഡ പ്രൊഫസറായ രേവതിയാണ് പിടിയിലായത്. കെ.ആർ. പുരം നിവാസിയായ ഇവരിൽനിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടിച്ചെടുത്തതായി ബംഗളൂരു പൊലീസ് അറിയിച്ചു. ഭർത്താവിന്‍റെ ചികിത്സാ ചെലവും മകന്‍റെ വിദ്യാഭ്യാസവും താങ്ങാനാകാതെ വന്നതോടെയാണ് മോഷണം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ നവംബർ 25-ന് ബസവനഗുഡി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് രേവതി കുടുങ്ങിയത്. ഒരു ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽവെച്ച് 32 ഗ്രാമിന്‍റെ സ്വർണമാലയും മറ്റൊരു വിലപിടിപ്പുള്ള മാലയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഡിസംബർ ഒന്നിന് രേവതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് രേവതി സമ്മതിച്ചു. ബംഗളൂരുവിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിവാഹ മണ്ഡപങ്ങളിലും താൻ മോഷണം നടത്തിയിട്ടുണ്ടെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി.
ഡിസംബർ രണ്ടിനും 12-നും ഇടയിൽ നടത്തിയ പരിശോധനയിൽ രേവതിയുടെ വീട്ടിൽനിന്നും കടുബീസനഹള്ളിയിലെ ബാങ്കിൽനിന്നുമായി 32 ലക്ഷം രൂപ വിലവരുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വിവാഹ ചടങ്ങുകളിൽ വരന്‍റെയോ വധുവിന്‍റെയോ ബന്ധുവെന്ന വ്യാജേനയാണ് ഇവർ മോഷണം നടത്തിയിരുന്നത്.




