ഭോപ്പാൽ: ഭോപ്പാൽ എയിംസ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ വെച്ച് വനിതാ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്ത മാസ്ക് ധരിച്ചയാളുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച നടന്ന സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ അറ്റൻഡറായ വർഷ സോണി എന്ന യുവതിക്കാണ് ഡ്യൂട്ടി സമയത്ത് മാല നഷ്ടപ്പെട്ടത്.

ബ്ലഡ് ബാങ്കിന് പിന്നിലുള്ള ലിഫ്റ്റിൽ വർഷ തനിച്ചായിരിക്കുമ്പോൾ മാസ്ക് ധരിച്ചെത്തിയ ഒരാൾ കയറി. നേത്രചികിത്സാ വിഭാഗം എവിടെയാണെന്ന് ചോദിച്ച് ഇയാൾ വർഷയുമായി സംസാരിക്കാൻ ശ്രമിച്ചു. ലിഫ്റ്റ് മൂന്നാം നിലയിലെത്തിയപ്പോൾ, ഇയാൾ പുറത്തിറങ്ങുകയും പെട്ടെന്ന് തിരിഞ്ഞ് വർഷയെ തള്ളിമാറ്റി മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

ശ്രമത്തിനിടെ അക്രമി വർഷയുടെ മംഗൾസൂത്ര കവരുകയും മുത്തുകളുടെ മാല പൊട്ടി തറയിൽ വീഴുകയും ചെയ്തു. മാല കവർന്ന ശേഷം അക്രമി സ്റ്റെയർകേസ് വഴി ഓടി രക്ഷപ്പെട്ടു. സംഭവസമയത്ത് എലിവേറ്ററിന് സമീപം സുരക്ഷാ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മാല നഷ്ടപ്പെട്ടതിന് ശേഷം ഭയന്നു കരയുന്ന വർഷയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പിന്നീട് ഒരു സുരക്ഷാ ജീവനക്കാരൻ എത്തി സീനിയർ ഓഫീസർമാരെ വിവരമറിയിച്ചു.

സംഭവത്തിൽ ബാഗ്‌സെവാനിയ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞായറാഴ്ചയായിരുന്നതിനാൽ പ്രതി ഐപിഡി ഗേറ്റ് വഴി രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. അക്രമി മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമാകുമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇത്രയും വലിയൊരു ആശുപത്രിയിൽ ഇങ്ങനെയൊരു സംഭവം നടന്നതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.