- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ ലഹരി സാന്നിധ്യം ഉണ്ടായിട്ടില്ല; പോലീസ്, എക്സൈസ് സന്നാഹം ഉണ്ടായിരുന്നെന്ന് സംഘാടകര്‍; പാര്‍ട്ടിക്കിടെ 31 പേര്‍ക്ക് മൊബൈല്‍ നഷ്ടമായി; ഷോയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ ലഹരി സാന്നിധ്യം ഉണ്ടായിട്ടില്ല
കൊച്ചി: അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ ലഹരി സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍. സ്ഥലത്ത് വന്‍ പൊലീസ്, എക്‌സൈസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.സ്ഥലത്തുനിന്ന് കഞ്ചാവുമായി നാലുപേരെ പിടികൂടിയ കാര്യം അറിയില്ല. ഓംപ്രകാശ് പരിപാടിക്ക് വന്നിട്ടില്ലെന്നും ഇസോണ്‍ എന്റര്‍ടെന്‍മെന്റ് ഉടമ ലിജോ ജോയി പറഞ്ഞു.
അലന്‍ വോക്കര്‍ സംഗീത ഷോയ്ക്കിടെ, കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്കിടെ 31 പേര്‍ക്ക് മൊബൈല്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. അതേസമയം സംഘാടകരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലെത്തിയാണ് പോലീസ് പരിപാടിയുടെ മുഖ്യസംഘാടകന്‍ ലിജോ ജോയിയില്‍ നിന്നും വിവരങ്ങള്‍ തേടിയത്. എന്നാല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയമല്ല പോലീസ് തന്നോട് ചോദിച്ചതെന്ന് ലിജോ പറയുന്നു.
ഷോയ്ക്കിടയില്‍ മോഷണം പോയ മൊബൈല്‍ ഫോണുകളെക്കുറിച്ചാണ് പോലീസ് ചോദിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ അങ്ങോട്ടാണ് മയക്കുമരുന്ന് വിഷയത്തെക്കുറിച്ച് ചോദിച്ചത്. 150-ഓളം ബൗണ്‍സര്‍മാരും എസ്‌ക്-സര്‍വീസ് ഗാര്‍ഡുകളും പരിപാടിയുടെ തലേന്ന് മുതല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഡിസിപി അടക്കം വന്ന് പരിശോധന നടത്തിയിരുന്നു, ലിജോ പറയുന്നു.
പോലീസ്, എക്സൈസ് അടക്കം വിവിധ വിഭാഗങ്ങളില്‍നിന്നും 200-ഓളം അധികൃതര്‍ പരിപാടിയുടെ അന്നും സ്ഥലത്തെത്തി അന്വേഷണങ്ങള്‍ നടത്തിയിരുന്നു. യൂണിഫോമിലും അല്ലാതെയുമാണ് അവര്‍ എത്തിയതും പരിശോധനകള്‍ നടത്തിയതും. അതുകൊണ്ടുതന്നെ ലഹരിവസ്തുക്കള്‍ ഇവിടെ സൂക്ഷിക്കുകയോ പരിപാടിക്കിടെ വിതരണം ചെയ്യുകയോ സാധ്യമാകുന്ന കാര്യമല്ലെന്നും ലിജോ പറയുന്നു.
രണ്ട് ഏരിയകളിലായി 42 സിസിടിവികള്‍ ഉണ്ടായിരുന്നു. ആളുകളുടെ വരവും പോക്കുമൊക്കെ ഞങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന്റെയൊക്കെ ഇടയിലൂടെ ഒരാള്‍ ലഹരിവസ്തു ഇവിടെ കൊണ്ടുവരികയും അത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ മിടുക്കനാണ്. പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ വൈകുന്നേരത്തോടെയേ ലഭിക്കുള്ളൂ. അത് കിട്ടിയാലുടന്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പിക്കും, ലിജോ പറഞ്ഞു.
ഇതിനിടെ ലഹരിവസ്തുക്കളുമായി പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശും കൂട്ടാളിയും വന്നത് ഇതേ സംഗീതപരിപാടിക്കാണെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കൊച്ചി മരടില്‍ സംഗീതനിശയ്ക്കിടെ ലഹരി ഉപയോഗം നടന്നെന്ന കേസില്‍ ചലച്ചിത്രതാരങ്ങളെ ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ എത്തിയതായി പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കുപുറമേ ഇരുപതിലേറെ ഓംപ്രകാശനെ സന്ദര്‍ശിച്ചെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരടില്‍ നടന്ന അലന്‍ വോക്കര്‍ സംഗീതനിശയില്‍ ലഹരി ഉപയോഗം നടന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. പരിപാടി നടന്ന ഹോട്ടലില്‍ ഓംപ്രകാശ് താമസിച്ചിരുന്നത് ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയിലാണ്. ചലച്ചിത്രതാരങ്ങളടക്കം ഈ മുറിയിലെത്തിയവരെയെല്ലാം ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. ലഹരിവസ്തുക്കളുമായി പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തെന്നാണ് പറയുന്നതെന്ന് ഓംപ്രകാശിന്റെ അഭിഭാഷകന്‍ പറഞ്ഞു. എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.