ബെംഗളൂരു: മാറത്തഹള്ളിയിലെ ഒരു കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് 18 കോടി രൂപയുടെ സ്വർണവും ഡയമണ്ടും വെള്ളിയും പണവും കവർന്ന നേപ്പാളി ദമ്പതിമാർക്കായി വ്യാപക അന്വേഷണം. വീട്ടുജോലിക്കാരെന്ന വ്യാജേനയെത്തി വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഈ വൻ കവർച്ച നടത്തിയത്. ദിനേഷ്, കമല എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 20 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ദിനേഷും കമലയും ഈ വീട്ടിൽ ജോലിക്കെത്തിയത്.

ഒരാൾ വീട്ടുപണികൾക്കും മറ്റൊരാൾ സുരക്ഷാ ജോലികൾക്കുമായിട്ടാണ് പ്രവേശിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിച്ച ഇരുവരും, വീട്ടുടമസ്ഥനായ കോൺട്രാക്ടർ സുഹൃത്തുക്കളോടൊപ്പം ഫിലിപ്പൈൻസിലേക്ക് പോയ തക്കംനോക്കി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. അതേസമയം, കോൺട്രാക്ടറുടെ ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്നു.

പുറമെ നിന്ന് ചിലരെ സഹായത്തിനെത്തിച്ചാണ് ദമ്പതിമാർ കവർച്ച നടത്തിയത്. വീട്ടിലെ യുപിഎസ് ഓഫ് ചെയ്ത് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ ശേഷം, മുകളിലെയും കിടപ്പുമുറികളിലെയും താഴത്തെ മുറികളിലുമുണ്ടായിരുന്ന ലോക്കറുകൾ കുത്തിപ്പൊളിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയായിരുന്നു. വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും.

കവർച്ച നടത്തിയ ദിനേഷിന്റെയും കമലയുടെയും ദൃശ്യങ്ങൾ മാറത്തഹള്ളി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവർക്കായി ഊർജിതമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്. കൂടാതെ, ഈ വീട്ടിൽ എട്ടു മാസത്തോളം ജോലി ചെയ്ത മായ, വികാസ് എന്നീ മറ്റൊരു നേപ്പാളി ദമ്പതിമാരെയും പോലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. മായയും വികാസുമാണ് നിലവിലെ പ്രതികളായ ദിനേഷിനെയും കമലയെയും വീട്ടുടമയ്ക്ക് പരിചയപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കർണാടകയെ ഞെട്ടിച്ച ഈ വൻ കവർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാറത്തഹള്ളി പോലീസ്.