പന്തല്ലൂർ: പല മോഷണ സംഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ചില മോഷണങ്ങൾ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും. അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരിൽ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടിൽ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോൾ ഗൃഹനാഥനായ വയോധികനെ സഹായിക്കും മട്ടിൽ അഭിനയിച്ച് ഓടിരക്ഷപ്പെട്ടു.

കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവർ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളൻ തക്കം നോക്കി കയറിയത്. മുൻ വശത്തുള്ള വാതിൽ പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്താൻ ശ്രമിച്ചത്. പെട്ടെന്ന് ഇത് കണ്ട വയോധികൻ നിലവിളിച്ച് ബഹളം വച്ചതോടെ നാട്ടുകാർ ഓടി വീട്ടിലെത്തി.

നാട്ടുകാരെ കണ്ടതും കള്ളൻ ഫുൾ അഭിനയം. കമലഹാസനെ കടത്തിവെട്ടിയുള്ള അഭിനയമെന്ന് ചിലർ പറയുന്നു. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച ശേഷം ഇയാൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ശേഷം പിന്നീടാണ് കാര്യങ്ങൾ അറിയുന്നത്. ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ടത്. ശേഷം നാട്ടുകാർ എത്തിയതോടെ കള്ളന്റെ മട്ടുമാറി നിലത്തു വീണ വയോധികനെ മടിയില്‍ വച്ച് ശുശ്രൂഷിക്കുന്നതായി ഫുൾ അഭിനയം. പിന്നാലെ കഴുത്തിനും ദേഹത്തും പരുക്കേറ്റ സ്വാമി മുത്തു പന്തല്ലൂർ താലൂക്കാശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

നിരവധി മോഷണ കേസുകളിൽ പ്രതിയായ ചന്ദ്രൻ (55) ആണ് വീട്ടിൽ കയറിയതെന്ന് ഒടുവിൽ പോലീസ് കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.