ചെന്നൈ: വർഷങ്ങൾക്ക് മുൻപ് മോഷണം നടത്തി മുങ്ങിയെ പ്രതിയെ പിടികൂടി മധുര പോലീസ്. 27 വർഷങ്ങൾക്ക് മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. 1997-ൽ 60 രൂപ കവരുകയും തുടർന്ന് ഒളിവിൽ പോകുകയും ചെയ്തയാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ശിവകാശി സ്വദേശിയായ 55കാരൻ പന്നീർ സെൽവമാണ് പിടിയിലായത്.

‌വർഷങ്ങളായി തെളിയിക്കാൻ സാധിക്കാതെ കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്തി പരിഹരിക്കാൻ അസിസ്റ്റൻ്റ് കമ്മിഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തെപ്പക്കുളം പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലാണ് പന്നീർ സെൽവം ഒളിവിൽ പോയതായി വിവരങ്ങൾ ലഭിച്ചത്. മോഷണത്തിന് ഇരയായ ആളുടെ പക്കൽ നിന്നും അന്നത്തെ വലിയ കാശ് ആയ 60 രൂപ തട്ടിയെടുത്ത് ഒളിവിൽ പോയെന്നായിരുന്നു കേസ്.

തുടർന്ന് പന്നീർ സെൽവം ശിവകാശിയിൽ ഉണ്ടെന്ന് അന്വേഷണത്തിനൊടുവിൽ പോലീസിന് വിവരം ലഭിച്ചു. ഈ സമയം വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പന്നീർ സെൽവം. പോപ്പുലേഷൻ സർവേയർമാരെ മറയാക്കിയ അന്വേഷണ സംഘം ഇയാളുടെ കുടുംബത്തെ സമീപിച്ചു.

തുടർന്ന് ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വർഷത്തിനിപ്പുറം പോലീസ് പന്നീർ സെൽവത്തെ പിടികൂടുന്നത്. അങ്ങനെ ഒടുവിൽ പോലീസിന്റെ നീണ്ട അന്വേഷണത്തിന് ഒടുവിൽ കേസിന് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് മധുര പോലീസ്.