കോയമ്പത്തൂര്‍: തൃശ്ശൂരിലെ വിവിധ എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്ന് രക്ഷപ്പെടവെ നാമക്കലില്‍ പിടിയിലായ ഹരിയാണയിലെ കവര്‍ച്ചസംഘത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകളുണ്ടെന്ന് അന്വേഷണസംഘം. എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഹരിയാണ നൂഹ് സ്വദേശി മുഹമ്മദ് ഇക്രത്തിന്റ പേരില്‍ പശ്ചിമബംഗാളില്‍മാത്രം ആറ് കേസുകളുണ്ടെന്ന് നാമക്കല്‍ ജില്ലാ പോലീസ് മേധാവി രാജേഷ് കണ്ണന്‍ പറഞ്ഞു.

പ്രതികളെത്തേടി കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് പോലീസ് എത്തിക്കൊണ്ടിരിക്കയാണ്. സമാനരീതിയില്‍ എ.ടി.എം. കവര്‍ച്ചകള്‍നടന്ന സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെടുകയും അവര്‍ക്ക് പ്രതികളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തതായി എസ്.പി. പറഞ്ഞു. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് പ്രതികളെ തേടി എത്തി തുടങ്ങി.

കവര്‍ച്ചസംഘത്തിന്റെ വിശദാംശങ്ങള്‍തേടി വിശാഖപട്ടണം പോലീസും നാമക്കലിലെത്തി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി വിശാഖപട്ടണത്ത് ഒമ്പത് എ.ടി.എമ്മുകളില്‍നിന്നായി 1.67 കോടി രൂപ മോഷണം പോയിരുന്നു. ബെംഗളൂരു പോലീസും അന്വേഷണത്തിന് നാമക്കലില്‍ എത്തിയിട്ടുണ്ട്. ഹരിയാണയിലെ പല്‍വാല്‍, നൂഹ് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയിലുള്ളവരാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എ.ടി.എം കവര്‍ച്ചകള്‍ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കൂടുതലായി കവര്‍ച്ച നടത്തുന്നത്.

നാമക്കലില്‍ പോലീസ് അറസ്റ്റുചെയ്ത ഏഴുപ്രതികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരാള്‍ കാലിന് വെടിയേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലാണ്. ശേഷിക്കുന്ന അഞ്ചുപേര്‍ സേലം സെന്‍ട്രല്‍ ജയിലിലും. കവര്‍ച്ച, കൊലപാതകശ്രമം, ആയുധം കൈവശം വെക്കല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങി ഏഴ് വകുപ്പുകളാണ് പ്രതികളുടെപേരില്‍ ചുമത്തിയിരിക്കുന്നത്.

ജയിലിലുള്ള പ്രതികളെ തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘമായിരിക്കും ആദ്യം ചോദ്യംചെയ്യുക. പിന്നീട് നാമക്കല്‍പോലീസ് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ അന്വേഷണം നടത്തും. നേരത്തേ ഡല്‍ഹി, ഒഡിഷ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്.