തൃശൂർ: തൃശൂർ പെരുമ്പിലാവിനെ ഞെട്ടിച്ച് കൊലപതാകം. ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മരത്തംകോട് സ്വദേശി അക്ഷയ്‌യാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേൽക്കുകയും ചെയ്തു.

ഇവരുടെ സുഹൃത്ത് ലിഷോയ് ഇപ്പോൾ ഒളിവിലാണ്. മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. അക്ഷയ് ഭാര്യയ്ക്കൊപ്പം ലിഷോയിയുടെ വീട്ടിൽ വന്നിരുന്നു. ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഇതിനിടെ, കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നതായി അറിയിച്ചു.

ഇന്ന് രാത്രി എട്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. ആക്രമണത്തിൽ പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ്‌യുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ മൂന്നുപേരും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അക്ഷയ്‌യെ പിന്തുണയ്ക്കുന്ന ലഹരി മാഫിയ സംഘത്തിലെ ആളുകൾ കുന്നുകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർ സംഘർഷങ്ങൾ കണക്കിലെടുത്തത് പോലീസ് സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കി.പ്രദേശം ഇപ്പോൾ അതീവ ജാഗ്രതയിലാണ്. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.