- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൃശ്ശൂര്‍ പൂരം കലക്കല്‍: പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ല; എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വീഴ്ചയെന്ന് ഡി.ജി.പി യുടെ റിപ്പോര്‍ട്ട്; സമഗ്ര അന്വേഷണം നടക്കുന്നു; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
പൂരം കലക്കല്‍: ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചു
കൊച്ചി: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവാദം അന്വേഷിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബിന്റെ റിപ്പോര്‍ട്ടടക്കമാണ് സമര്‍പ്പിച്ചത്. എ.ഡി.ജി.പിക്കെതിരേയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും എ.ഡി.ജി.പി പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
3500 പോലീസുകാര്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു. പൂരം അലങ്കോലപ്പെടുത്തലിലെ സത്യം പുറത്തു കൊണ്ട് വന്ന് ഉചിത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. പ്രസ്തുത റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന ഹര്‍ജിക്കാരനായ ബി.ജെ.പി നേതാവിന്റെ ബി ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ പ്രത്യേക ടീം തുടരന്വേഷണം നടത്തുകയാണ്. തൃശ്ശൂര്‍ ഐ.ജി ഒഴികെ ജില്ലയില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനും അന്വേഷണസംഘത്തിലില്ല. നേരത്തേ തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കിയിരുന്നു.