കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രതികളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. കേസില്‍ പ്രതികള്‍ ആരൊക്കെയാണെന്ന് പോലീസ് തിരിച്ചിറിഞ്ഞിട്ടുണ്ട്. കമ്പളക്കാട് സ്വദേശി ഹര്‍ഷിദിനും സുഹൃത്തുക്കള്‍ക്കുമായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലീസ് പരിശോധന നടത്തി.

അതേസമയം, ആദിവാസി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിലും മന്ത്രി ഒ ആര്‍ കേളുവിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് മന്ത്രിയുടെ മാനന്തവാടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എല്‍ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് പ്രിയങ്കാ ഗാന്ധി എംപി. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ മാനന്തവാടി കളക്ടറെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കുറ്റം ചെയ്തവരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആര്‍ കേളു നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദിവാസി യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കര്‍ശന ശിക്ഷ നല്‍കുന്നതിനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചതായും മന്ത്രി അറിയിച്ചിരുന്നു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നല്‍കാനും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് മാനന്തവാടി കൂടല്‍ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരേേങ്ങറിയത് . വിനോദ സഞ്ചാരികളാണ് കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെക്ക് ഡാം കാണാന്‍ എത്തിയ യുവാക്കള്‍ കൂടല്‍ കടവില്‍ വച്ച് മറ്റ് ഒരു കാര്‍ യാത്രക്കാരുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് മാതന്‍ പറഞ്ഞു.