തിരുവനന്തപുരം: ഉള്ളൂരില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആക്കുളം മാവടിനട പുഷ്പ ഭവനില്‍ രഘുനാഥന്‍ നായര്‍ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഷ്പയെ കൊന്നശേഷം രഘുനാഥന്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായ കാര്യം. രഘുനാഥന്‍ നായര്‍ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ പോലീസ് എത്തിയാണ് പരിശോധന നടത്തിയത്.

പുഷ്പയെ കൊന്നശേഷം രഘുനാഥന്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച പുഷ്പ രഘുനാഥനോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു. വളര്‍ത്തു മകന്‍ ഞായറാഴ്ച ഇവരെ ഫോണില്‍ വിളിച്ചിരുന്നു.

അതിനുശേഷം വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. പലപ്പോഴും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ശീലമില്ലാത്തതിനാല്‍ ഞായറാഴ്ച വീട്ടില്‍ വന്ന് നോക്കാനിരിക്കുകയായിരുന്നു വളര്‍ത്തു മകന്‍. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.