കോഴിക്കോട്: സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. ആഡംബര വാഹനങ്ങളിൽ കഞ്ചാവ് കടത്തി നഗരത്തിലെ പാര്‍ക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന സംഘത്തിനെയാണ് അന്വേഷണ സംഘം വലയിലാക്കിയത്.

കൊടുവള്ളി പന്നിക്കോട്ടൂര്‍ സ്വദേശി വയലങ്കര ഹൗസില്‍ സഫ്തര്‍ ഹാഷ്മി (31), കൂട്ടാളി ബാലുശ്ശേരി ഇയ്യാട് സ്വദേശി അത്തിക്കോട് ഹൗസില്‍ സ്വദേശി എ.കെ റഫീഖ് (35) എന്നിവരാണ് പിടിയിലായത്. മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് 104 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്.

ഇതിൽ സ്വകാര്യ ബസ് ഡ്രൈവറായ ഫ്താര്‍ ഹാഷ്മി മുൻപും ലഹരി മരുന്നുമായി പിടിയിലായിരുന്നു. കഞ്ചാവ് കടത്തുന്നതിനിടെ പല ജില്ലകളിലായി ഇയാൾ പിടിയിലായിരുന്നു. കോഴിക്കോട് - പുല്ലൂരാംപാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സഫ്താര്‍ ഹാഷ്മി. 55 കിലോ ഗ്രാം കഞ്ചാവുമായി നിലമ്പൂരില്‍ നിന്നും 2.5 കിലോ ഗ്രാം കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടില്‍ വെച്ചും മുമ്പ് പിടിയിലായിരുന്ന കേസുകളില്‍ വിചാരണ നടന്നുവരികയാണ്.

പിടിയിലായ മറ്റൊരു പ്രതി റഫീഖ് ലോറി ഡ്രൈവറാണ്. ആഡംബര കാറുകളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് എത്തിച്ചിരുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകള്‍, ബാറുകള്‍, ആശുപത്രികള്‍ എന്നിവയുടെ പാര്‍ക്കിം​ഗ് ഗ്രൗണ്ടുകളാണ് ലഹരി കൈമാറ്റത്തിന് ഇവര്‍ തിരഞ്ഞെടുത്തിരുന്നത്.

കോഴിക്കോട് സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും കോഴിക്കോട് ടൗണ്‍ എസിപി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ നടക്കാവ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കുറച്ച് കാലങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലും ലഹരി മരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതിനാൽ പോലീസ് രഹസ്യ നിരീക്ഷണം തുടരുകയാണ്. ഒരാഴ്ചക്കിടെ ഡാന്‍സാഫിന്റെ മൂന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.