ഡൽഹി: വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി നാട്ടുകാർക്ക് ശല്യം ഉണ്ടാക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സഹോദരിമാർ പിടിയിൽ. ഡൽഹിയിലാണ് സംഭവം നടന്നത്. രാത്രിയിൽ കാത് പൊട്ടി പോകുന്ന ശബ്ദത്തിൽ ഹോൺ മുഴക്കുകയും അപ്പാർട്ട്മെന്റിൽ പരിഭ്രാന്തി പരത്തുകയും ചെയ്ത സഹോദരിമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭവ്യ ജെയിൻ, ചാർവി ജെയിൻ എന്നിവരാണ് പിടിയിലായത്.

വലിയ ശബ്ദത്തിൽ ഹോൺ മുഴക്കിയത് ചോദ്യം ചെയ്ത വയോധികനെ ഇരുവരും ചേർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ച കാര്യം മനസിലാക്കിയ യുവതികൾ മണിക്കൂറുകളോളം മുറിയിൽ അടച്ചിട്ടിരിന്നു. പിന്നീട് പുറത്തിറങ്ങി ഇരുവരും ചേർന്ന് വലിയ ശല്യമാണ് നാട്ടുകാർക്ക് ഉണ്ടാക്കിയത്.

അപ്പാർട്ട്മെന്റിലൂടെ ഒരു ശ്രദ്ധയും ഇല്ലാതെ വാഹനം ഓടിച്ച ഇരുവരും അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളെ ഇടിക്കുകയും ആളുകളെ പരിക്കേൽപ്പിക്കുകയും ചെയ്തു. കവാടത്തിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിയർ ഇടിച്ചുതക‍ർത്ത ഇവർ പോലീസ് വാഹനത്തെയും ഇടിച്ചു.

തുടർന്ന് പോലീസ് ഇവരെ പിന്തുടർന്നു. ഇതോടെ അമിത വേ​ഗതയിൽ സഞ്ചരിച്ച സഹോദരിമാർ അപ്പാർട്ട്മെന്റിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്.

ഏറെ നേരം വട്ടം കറക്കിയ സഹോദരിമാർ ഒടുവിൽ പോലീസിന്റെ പിടിയിലായി. നോയിഡ സെക്ടർ 20ൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞുനിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നേരെത്തെ ഒരു കേസിൽ അപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന് തടങ്കലിൽ പാർപ്പിച്ച കേസിൽ ഇതേ സഹോദരിമാർക്കെതിരെ പോലീസ് കേസെടുത്തിരിന്നു .