- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മന്ത്രിയുടെ വീട്ടുപേരില്‍ കമ്പനി, പണി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍; കേരഫെഡ് വെളിച്ചെണ്ണയും മില്‍മയും ഗണേഷിന്റെ ഭാര്യക്ക് സ്വന്തം? ഉദ്യോഗസ്ഥരെ വിരട്ടി വിദേശ വിപണന കരാറുകള്‍ ഒപ്പിച്ചു; ബിന്ദു മേനോന്റെ 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' കമ്പനിക്ക് വഴിവിട്ട സഹായം; വിജിലന്‍സിന് കൊച്ചി സ്വദേശിയുടെ പരാതി; ക്രിമിനല്‍ ഗൂഢാലോചനയില്‍ മന്ത്രി കുടുങ്ങുമോ?
ബിന്ദു മേനോന്റെ 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' കമ്പനിക്ക് വഴിവിട്ട സഹായം

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കി അതീവ ഗുരുതരമായ അഴിമതി ആരോപണം പുറത്ത്. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' (Midnight Sun Global) എന്ന സ്വകാര്യ കമ്പനിക്ക്, സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മയും കേരഫെഡും വഴി വിദേശ വിപണന കരാറുകള്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് പരാതി. കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയോടെ വിഷയം രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളോ ടെന്‍ഡര്‍ നടപടികളോ ഇല്ലാതെയാണ് വിദേശ കരാറുകള്‍ മന്ത്രിപത്‌നിയുടെ കമ്പനിക്ക് നല്‍കിയത്. കേരഫെഡ് വെളിച്ചെണ്ണ ദുബായിലേക്കും, മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള അനുമതിയാണ് ഈ കമ്പനിക്ക് ലഭിച്ചത്. മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ വഴിവിട്ട സഹായം നേടിയതെന്ന് പരാതിയില്‍ പറയുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ ആവശ്യം
കണക്കുകള്‍ പുറത്ത്; നിയമക്കുരുക്ക് മുറുകുന്നു
പരാതിക്കാരന്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം, 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ ആറ് ടണ്‍ വെളിച്ചെണ്ണയും, നവംബറില്‍ മാത്രം 20 ടണ്‍ വെളിച്ചെണ്ണയും ഈ സ്വകാര്യ കമ്പനി വഴി വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്. യാതൊരുവിധ താല്‍പര്യ പത്രവും (എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (EOI) ക്ഷണിക്കാതെ നടത്തിയ ഈ ഇടപാടിലൂടെ കമ്പനിക്ക് വന്‍ ലാഭം ലഭിച്ചതായാണ് സൂചന. മത്സരസ്വഭാവമുള്ള ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ കരാര്‍ നല്‍കുന്നതിനെതിരെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് ഈ തടസ്സങ്ങളെല്ലാം നീക്കി കരാര്‍ നടപ്പിലാക്കുകയായിരുന്നു.
'അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7, 9 എന്നിവയുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. പൊതുജനസേവകന്‍ തന്റെ പദവി ബന്ധുക്കള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത (BNS 2023) പ്രകാരമുള്ള ഗൂഢാലോചന കുറ്റവും ഇതില്‍ ഉള്‍പ്പെടുമെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
കരാര്‍ നല്‍കിയ സാഹചര്യത്തെക്കുറിച്ച് അടിയന്തര പ്രാഥമിക അന്വേഷണം, ടെന്‍ഡര്‍ നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, താല്‍പര്യങ്ങളിലെ വൈരുദ്ധ്യം അന്വേഷിക്കുക, വിഷയത്തില്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുക, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്.
മാര്‍ച്ച് 13-ന് സമര്‍പ്പിക്കപ്പെട്ട ഈ പരാതിയില്‍ വിജിലന്‍സ് കൈക്കൊള്ളുന്ന നിലപാട് സര്‍ക്കാരിനും നിര്‍ണ്ണായകമാകും. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരന്‍ അറിയിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാം.
കേരഫെഡിന്റെ വിശദീകരണം
മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വില്‍ക്കുന്നതിന് കരാര്‍ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാല്‍, മറ്റാരുമായും വിദേശത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് കേരഫെഡ് ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ല.
മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് ഇങ്ങനെ കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമാണെന്നു ബന്ധപ്പെട്ട വകുപ്പുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മന്ത്രിയുടെ കുടുംബാംഗം നടത്തുന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിലെ അനൗചിത്യത്തെക്കുറിച്ചും വിശദീകരണമില്ല. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിയായ മിഡ്‌നൈറ്റ് സണ്‍ ഗ്ലോബലിന് സര്‍ക്കാര്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയത് 2023ല്‍ ഗണേഷ്‌കുമാര്‍ മന്ത്രിപദത്തിലെത്തിയ ശേഷമാണെന്ന് ജിഎസ്ടി രേഖകള്‍ വ്യക്തമാക്കുന്നു.
സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ വില്‍ക്കുന്നതിനുള്ള കരാറാണ് വിജ്ഞാപനമോ താല്‍പര്യപത്രമോ ഇല്ലാതെ മന്ത്രിപത്നിയുടെ കമ്പനിക്ക് നല്‍കിയത്. ഗണേഷ്‌കുമാറിന്റെ കുടപ്പനക്കുന്നിലെ വീടായ 'സിന്ദഗി'യുടെ വിലാസത്തിലാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019ല്‍ കമ്പനി തുടങ്ങിയെങ്കിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ വിവരം ഗണേഷ് കുമാര്‍ മറച്ചുവെച്ചതായും ആരോപണമുണ്ട്.
2025 ജനുവരിയില്‍ കേരഫെഡില്‍ നിന്ന് 13.92 ലക്ഷം രൂപയുടെ വെളിച്ചെണ്ണയാണ് ബിന്ദു മേനോന്റെ കമ്പനി വാങ്ങിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മില്‍മയുമായി 43.98 ലക്ഷം രൂപയുടെ ഇടപാടുകളും നടത്തി. സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കണമെന്ന കമ്പനിയുടെ ആവശ്യം കേരഫെഡില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും, ഉന്നതതല സമ്മര്‍ദ്ദത്തിനൊടുവില്‍ 15% കമ്മിഷന്‍ അനുവദിച്ചുകൊണ്ട് കരാര്‍ ഉറപ്പിക്കുകയായിരുന്നു.
മില്‍മ ഉല്‍പന്നങ്ങള്‍ ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലും വില്‍ക്കുന്നതിനുള്ള കരാറും ഇതേ കമ്പനിക്ക് തന്നെയാണ് ലഭിച്ചത്. മാസം കുറഞ്ഞത് 20 ലക്ഷം രൂപയുടെ നെയ്യും അഞ്ച് ലക്ഷം രൂപയുടെ മറ്റ് ഉല്‍പന്നങ്ങളും എടുക്കണമെന്നാണ് മില്‍മയുമായുള്ള കരാര്‍. കൃഷിവകുപ്പിന് ചെടിച്ചട്ടികള്‍ നല്‍കാന്‍ തയ്യാറാണെന്ന് കാട്ടി ഈ കമ്പനി കത്തുനല്‍കിയതായും വിവരമുണ്ട്. കേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായാണ് മിഡ്‌നൈറ്റ് സണ്‍ പ്രവര്‍ത്തിക്കുന്നത്.
അധികാരമുപയോഗിച്ച് സ്വന്തം കുടുംബാംഗത്തിന്റെ കമ്പനിക്ക് വഴിവിട്ട രീതിയില്‍ സര്‍ക്കാര്‍ കരാറുകള്‍ ഒപ്പിച്ചുനല്‍കുന്നത് ഗുരുതരമായ സ്വജനപക്ഷപാതമാണെന്ന വിമര്‍ശനം ശക്തമാണ്. മത്സരപ്രക്രിയ ഒഴിവാക്കി മന്ത്രിപത്നിയുടെ കമ്പനിയെ തിരഞ്ഞെടുത്തതില്‍ അസ്വാഭാവികതയില്ലെന്ന കേരഫെഡ് അധികൃതരുടെ വിശദീകരണം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.


