ശബരിമല: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനം ഉറപ്പിച്ചത് പടിപടിയായാണ്. ഇതിന് തന്ത്രിയുടെ പിന്‍ബലം ഉണ്ടായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞ കാര്യം. തൊടുന്നതെല്ലാം കാശാക്കി മാറ്റുന്നതായിരുന്നു പോറ്റിയുടെ തന്ത്രം. ബെംഗളൂരു ഉണ്ണിത്തിരുമേനി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പിടിവീണത് സ്വര്‍ണ്ണപ്പാളിയില്‍ ആണെങ്കിലും അദ്ദേഹം ശബരിമലയില്‍ 2116 മുതല്‍ സജീവ സാന്നിധ്യമറിയിച്ച വ്യക്തമായാണ്.

സന്നിധാനത്തെ മണികള്‍ മാറ്റിസ്ഥാപിച്ചത് 2017-ലായിരുന്നു. ഹൈക്കോടതി നിയോഗിച്ച കമ്മീഷണര്‍ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പോറ്റിയായിരുന്നില്ല പണം മുടക്കിയതെന്നതാണ് വിചിത്രം. പക്ഷേ, പേരെടുത്തത് പോറ്റിയും. ഇതാണ് പോറ്റിയുടെ സ്ഥിരം ശൈലി. ബംഗളൂരുവില്‍ വ്യവസായിയായ ഇളമ്പള്ളി സ്വദേശി അജികുമാര്‍ ആയിരുന്നു പ്രധാന സ്‌പോണ്‍സര്‍. ഇളമ്പള്ളി സ്വദേശിയും പിന്നീട് പോറ്റിയുടെ സഹായിയെന്ന് അറിയപ്പെടുകയും ചെയ്ത വാസുദേവനും ഇതിനായി പണം മുടക്കിയിരുന്നു. പതിനെട്ടാംപടിയോടുചേര്‍ന്നുള്ള രണ്ട് മണികളാണ് മാറ്റാന്‍ അന്ന് തീരുമാനിച്ചത്. ഓരോ മണിക്കും രണ്ടുവീതം വമ്പന്‍ തൂണുകളുമുണ്ട്. നാല് തൂണുകളും രണ്ട് മണികളും അജികുമാറും വാസുദേവനും പണം മുടക്കി തയ്യാറാക്കുകയായിരുന്നു.

മാന്നാര്‍ സ്വദേശിയായ ശില്പിയാണ് പണി നടത്തിയത്. 14 ലക്ഷത്തോളം രൂപ ചെലവുവന്നു. ശബരിമലയ്ക്ക് കൊണ്ടുപോകുംമുമ്പ് ഈ മണികള്‍ക്ക് ഇളമ്പള്ളി ക്ഷേത്രത്തില്‍ സ്വീകരണവും നല്‍കി. യഥാര്‍ഥത്തില്‍ മൂന്ന് മണികളാണ് പണിതത്. രണ്ട് മണികള്‍ സന്നിധാനത്തേക്കും ഒരെണ്ണം മാളികപ്പുറത്തേക്കും എന്നാണ് ഉദ്ദേശിച്ചത്. സന്നിധാനത്ത് രണ്ടും പുതിയതിട്ടു. പഴയ മണികളില്‍ ഒരെണ്ണം പമ്പയിലും ഒരെണ്ണം മാളികപ്പുറത്തും മാറ്റിയിട്ടു. ഇളമ്പള്ളി സ്‌പോണ്‍സര്‍മാര്‍ തയ്യാറാക്കിയ മൂന്നാംമണി ഇളമ്പള്ളിക്ക് മടക്കി കൊണ്ടുവന്ന് ഇവിടെ ക്ഷേത്രത്തില്‍ സ്ഥാപിച്ചു. സന്നിധാനത്തെ പഴയ മണികളിലൊന്നാണ് ഇളമ്പള്ളിക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചതെങ്കിലും ആചാരപരമായി അത് സന്നിധാനത്തുനിന്ന് കൊണ്ടുപോകാന്‍ പാടില്ലെന്ന മുന്നറിയിപ്പ് വന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.

ദീര്‍ഘകാലം ബെംഗളൂരുവില്‍ ഫര്‍ണസ് വ്യവസായം നടത്തിവന്ന അജികുമാര്‍ അവിടത്തെ ക്ഷേത്രത്തിലാണ് പോറ്റിയെ പരിചയപ്പെടുന്നത്. അജിയുടെ സഹായിയായി വാസുദേവന്‍ ബെംഗളൂരുവിലെത്തി വ്യവസായിയായി, ഇരുവരും പോറ്റിയുമായി സൗഹൃദത്തിലായി. ആ പരിചയമാണ് ഇരുവരെയുംകൊണ്ട് മണി സ്‌പോണ്‍സര്‍ ചെയ്യിച്ചതെന്നാണ് വിവരം. അജി പിന്നീട് മരിച്ചു. വാസുദേവന്‍ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപാളികള്‍ വീട്ടില്‍ സൂക്ഷിച്ചതോടെയാണ് വാര്‍ത്തയില്‍ നിറഞ്ഞത്. വാസുവിനോട് ഇത് സൂക്ഷിക്കാന്‍ പോറ്റിയാണ് നിര്‍ദേശിച്ചത്. വിവാദം കത്തിയപ്പോള്‍ വാസു ഇവ പോറ്റിക്ക് മടക്കികൊടുക്കുകയായിരുന്നു.

താങ്ങുപാളികള്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് പാകമാകാതെ വന്നതോടെ വാസുവിനെ ഏല്പിച്ച് താങ്കള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ പോറ്റി ആവശ്യപ്പെടുകയായിരുന്നു. താങ്ങുപീഠം വിഷയത്തില്‍ വാസുവിന്റെ ഭാഗത്തുനിന്ന് തട്ടിപ്പുണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. എല്ലാക്കാര്യവും എസ്‌ഐടിയെ അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വിശദീകരിച്ചത്. 2016-ല്‍ ശബരിമല തിടപ്പള്ളി നവീകരിച്ചാണ് പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുടക്കം. 2017-ല്‍ അന്നദാനത്തിന് എട്ടുലക്ഷം രൂപ നല്‍കി. 2019 മാര്‍ച്ചില്‍ ശ്രീകോവില്‍ കട്ടിള, വാതില്‍ തുടങ്ങിയവയിലേക്ക് കടന്നു. ഇവയ്‌ക്കൊക്കെ പണം മുടക്കിയത് യഥാര്‍ഥത്തില്‍ മറ്റാളുകളെന്നാണ് വിവരം. പോറ്റി സ്‌പോണ്‍സറുടെ വേഷംകെട്ടിയ ഇടനിലക്കാരന്‍ മാത്രമായിരുന്നു.

അതിനിടെ ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നതോടെ പോറ്റിയും സംഘവും കൂടുതല്‍ വെട്ടിലായിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ സ്വര്‍ണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറന്‍സിക് പരിശോധന ഫലം. റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈഫലം തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും.

പാളികളുടെ ഭാരത്തില്‍ വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1998ല്‍ സ്വര്‍ണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം വ്യക്തമായത്. കട്ടിളയില്‍ നിന്നും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും നിശ്ചിത അളവില്‍ ഭാഗങ്ങള്‍ വെട്ടിയെടുത്താണ് പരിശോധനക്ക് വിധേയമാക്കിയത്. 15 സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഈ പരിശോധന ഫലം നിര്‍ണായകമാണ്. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിലവിലുള്ള സ്വര്‍ണത്തിന്റെപഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ അവിടെയുള്ളത് പഴയ സ്വര്‍ണമല്ലെങ്കില്‍, അത് എവിടേക്ക് പോയി എന്നതും പകരം വെച്ചിരിക്കുന്നത് പുതിയ സ്വര്‍ണമാണോ എന്നതുമാണ് ഇനി അന്വേഷണ സംഘംപ്രധാനമായും കണ്ടെത്തേണ്ടത്.

ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. സാധാരണ സ്വര്‍ണത്തേക്കാള്‍ അയ്യപ്പന്റെ മുന്‍പിലുണ്ടായിരുന്ന ഈ സ്വര്‍ണത്തിന് അതിന്റെ പഴക്കം മൂലമുള്ള വലിയ മൂല്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാണാതായ യഥാര്‍ഥ സ്വര്‍ണം കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്.