ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭരാല ഗ്രാമവാസികളുടെ ഉറക്കം കെടുത്തി നഗ്നസംഘത്തിന്റെ വിളയാട്ടം. നഗ്‌നരായി സംഘം ചേര്‍ന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. നിലവില്‍ സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവി കള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രദേശത്ത് വിന്യസിച്ചു. മീററ്റിലെ ദൗറല പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഈ ദുരൂഹമായ സംഭവങ്ങളുണ്ടാകുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള തിരച്ചില്‍ നടത്തിയിട്ടും ഇത് വരെ ഇവരെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.

അഞ്ച് ദിവസം മുന്‍പാണ് ഏറ്റവും ഒടുവില്‍ ഇതേ സംഭവത്തിന് സ്ത്രീകള്‍ ഇരയായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭരാല-ശിവായ റോഡിലൂടെ ജോലിക്ക് പോകുന്നതിനിടെ ഒരു സ്ത്രീയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് വന്ന ഒരാള്‍ പിന്നില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയെന്നതാണ് ഏറ്റവും പുതിയ കേസ്. അര്‍ദ്ധ നഗ്‌നനായി വന്ന ഒരാള്‍ വയലിലേക്ക് സ്ത്രീയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ സ്ത്രീ ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവറും കണ്ടക്ടറും സഹായത്തിനെത്തി. അവര്‍ വയലിലേക്ക് അടുക്കുന്നത് കണ്ടപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗ്‌ന സംഘത്തില്‍ നിന്ന് നാലു പേര്‍ക്ക് ഇതുവരെ ആക്രമണം നേരിട്ടു. ''ആദ്യം ഗ്രാമവാസികള്‍ ഇത് ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഈ സംഘം ഇതുവരെ സ്ത്രീകളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂ,'' ഗ്രാമത്തലവന്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. മുമ്പ് രണ്ടുതവണ സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും കരിമ്പിന്‍ തോട്ടങ്ങള്‍ക്കുള്ളില്‍ നിന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വച്ചാണ് പ്രതി എത്തുന്നതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. പരാതിക്ക് ശേഷം പ്രദേശത്ത് എല്ലാ ദിവസവും മണിക്കൂറുകളോളം നിരവധി ടീമുകള്‍ തീവ്രമായ തിരച്ചില്‍ നടത്തിയിരുന്നു.