തിരുവനന്തപുരം: ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ വിഷയം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിംഗ് പൊതുസമൂഹത്തില്‍ നിന്നും പൊലീസില്‍ നിന്നും മറച്ചു വെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. റാഗിംഗ് സംബന്ധിച്ച പരാതി സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രവര്‍ത്തിക്കാനുള്ള എന്‍ഒസി ഹാജരാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഇതുവരെ സ്‌കൂള്‍ അധികൃതര്‍ ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ആവശ്യമാണ്. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ എന്‍ഒസി വാങ്ങേണ്ട സ്‌കൂളുകള്‍ എല്ലാം ഉടന്‍ വാങ്ങണം. ഡിഇഒമാരോട് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മിഹിര്‍ അഹമ്മദിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തിന് ശേഷം തങ്ങളുടെ കുട്ടികള്‍ക്കും സ്‌കൂളില്‍ വച്ച് സമാനമായ റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുള്ളതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന് എന്‍ഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സിലബസ് പ്രകാരം സ്‌കൂള്‍ നടത്താനുള്ള എന്‍ഒസി ഈ സ്‌കൂള്‍ ഹാജരാക്കിയിട്ടില്ല.

ഈ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിച്ച് വരുകയാണ്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ആവശ്യമാണ്.

സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി 2025 ജനുവരി 15-ന് തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ ഇരുപത്തിയാറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 നവംബര്‍ 4-നാണ് മിഹിര്‍ ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ അഡ്മിഷന്‍ എടുത്തത്. മിഹിര്‍ അഹമ്മദ് പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നതായി ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് അധികൃതര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സഹപാഠികളോട് വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയിരുന്നത്. പഠന വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നു. ക്ലാസ്സില്‍ കൃത്യമായി ഹാജരാകാറുണ്ടായിരുന്നതായും ഏല്‍പ്പിക്കുന്ന അസൈന്‍മെന്റുകള്‍ സമയബന്ധിതമായി സമര്‍പ്പിച്ചിരുന്നതായും സ്വഭാവ സംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും മിഹിറിന് ഇല്ലായിരുന്നുവെന്നും ക്ലാസ്സ് ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന് തലേദിവസം സ്‌കൂളിനുള്ളില്‍ വെച്ചും സ്‌കൂള്‍ ബസിനുള്ളില്‍ വെച്ചും തന്റെ മകന് ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിങ്ങും ശാരീരിക ഉപദ്രവവും അനുഭവിക്കേണ്ടി വന്നതായി മകന്റെ കൂട്ടുകാരില്‍ നിന്നും സാമൂഹ്യ മാധ്യമ സന്ദേശങ്ങളില്‍നിന്നും തങ്ങള്‍ക്ക് വിവരം ലഭിച്ചതായി കുട്ടിയുടെ മാതാവ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ചില കുട്ടികള്‍ മിഹിറിനെ ക്രൂരമായി തല്ലുകയും ശാരീരികവും മാനസികവുമായി പ്രാകൃതമായ രീതിയില്‍ പീഡിപ്പിക്കുകയും ചെയ്തതായുള്ള വിവരങ്ങള്‍ ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന കൂട്ടായ്മയില്‍ പങ്കു വയ്ക്കപ്പെട്ടിട്ടുള്ളതായി മാതാവ് സമര്‍പ്പിച്ച പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന് എന്‍ഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.