- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ മരിക്കാന്‍ പോവുകയാണ്'; രാത്രി പോലീസ് സ്റ്റേഷനിലേക്ക് അസാധാരണ ഫോൺ കോൾ; നമ്പർ കേന്ദ്രീകരിച്ച് ലൊക്കേഷൻ കണ്ടെത്തി; വെട്ടം തെളിഞ്ഞിരുന്നത് ഒരു മുറിയിൽ മാത്രം; ജനാല പൊട്ടിച്ചപ്പോൾ ഞെട്ടി പോലീസ്; യുവാവിന്റെ ജീവൻ രക്ഷിച്ചത് വാടാനപ്പള്ളി പോലീസിന്റെ സമയോചിതമായ ഇടപെടൽ
തൃശൂര്‍: കഴുത്തിൽ കുരുക്കിട്ട് തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത് പോലീസിന്റെ സമയോചിതമായ ഇടപെടൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. താൻ മരിക്കാന്‍ പോവുകയാണെന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയതിന് പിന്നാലെയാണ് യുവാവിനെ പോലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സൗമ്യയാണ് യുവാവിന്റെ ഫോണെടുത്തത്. യുവാവിനെ സമാധാനിപ്പിച്ച് നിർത്തിയ അവർ, അധികം വൈകാതെ കോൾ സീനിയർ സിപിഒ ഫിറോസിന് നൽകി. യുവാവിൽ നിന്നും മൊബൈൽ നമ്പർ വാങ്ങിയ ഫിറോസ് ഇദ്ദേഹത്തെ വീഡിയോ കോൾ ചെയ്‌തു. കയർ കുരുക്കി തൂങ്ങിമരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു യുവാവ്. യുവാവിന്റെ നമ്പർ ഉപയോഗിച്ച് പോലീസ് ലൊക്കേഷൻ കണ്ടെത്തി.
ഈ വിവരം വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ ബി ഷൈജുവിനും കൈമാറി. ഫിറോസും സി.പി.ഒമാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യാം എന്നിവർ ഇയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു. തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറെത്തിയ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. പോലീസുകാർ എത്തുമ്പോൾ വീടിനകത്ത് ഒരു മുറിയിൽ മാത്രമാണ് വെട്ടം തെളിഞ്ഞിരുന്നത്. തുടർന്ന് വാതിലിൽ തട്ടി വിളിച്ചെങ്കിലും യുവാവ് തുറക്കാൻ തയ്യാറായില്ല.
ഇതോടെ ലൈറ്റുള്ള മുറിയുടെ ജനല്‍ പോലീസ് പൊട്ടിച്ചു. തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു യുവാവ്. ഉടന്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്ന പോലീസ് സംഘം തൂങ്ങാന്‍ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി. യുവാവിന് സി.പി.ആര്‍ നല്‍കി. അധികം വൈകാതെ തന്നെ സംഭവ സ്ഥലത്തേക്ക് ആംബുലന്‍സെത്തി. യുവാവിന് വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. യുവാവിൻ്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.