പോത്തന്‍കോട്: തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലെപ്പട്ടത് പോത്തന്‍കോടിനെ വിറപ്പിച്ചിരുന്ന കൊടുംക്രിമിനല്‍. കൊലപാതകം ഉള്‍പ്പെടെ വെട്ടുകത്തി ജോയിയുടെ പേരില്‍ 12 കേസുകളുണ്ട്. മണ്ണ് മാഫിയയുടെ പ്രധാന നേതാവ്.

2023 ജനുവരിയില്‍ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ജോയിയെ സാഹസികമായി പിടികൂടിയിരുന്നു. ജനുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം . അനധികൃത മണ്ണു കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആ ആക്രമണത്തിനു പിന്നില്‍. രാത്രി 11 ന് കുറ്റിയാണി ശിശിരം വീട്ടില്‍ മോഹനനെ വീട്ടില്‍ കയറി മര്‍ദിക്കുകയും കുറ്റിയാണി മുംതാംസ് മന്‍സിലില്‍ എ. ഷജീറിനെ പോത്തന്‍കോട് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ ഇടുക്കി കട്ടപ്പനയിലെ എസ്റ്റേറ്റില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് കാപ്പ അടക്കം ചുമത്തി ജയിലിലിട്ടു. പുറത്തിറങ്ങിയപ്പോള്‍ എതിര്‍ സംഘം പ്രതികാരവും തീര്‍ത്തു.

അന്ന് നെടുമങ്ങാട് ഡിവൈഎസ്പിയായിരുന്ന സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലാണ് വെട്ടുകത്തി ജോയിയെ പിടിച്ചത്. വാഴോട്ട് പൊയ്ക വീട്ടില്‍ കെ. പ്രസാദ്, ജെഎസ് ഭവനില്‍ ജെ.സുജി ജോണ്‍, വേറ്റിനാട് വിശ്വാസ് ഭവനില്‍ ബി. ഉദയസൂര്യന്‍, എന്നിവരേയും വെട്ടുകത്തി ജോയിയ്‌ക്കൊപ്പം പിടിച്ചിരുന്നു. പഴയ കേസിന്റെ പകയുള്ളവരാണോ ജോയിയെ കൊന്നതെന്ന സംശയം പോലീസിനുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. സിസിടിവിയും മറ്റും പരിശോധിച്ച് ജോയിയെ കൊല്ലാന്‍ എത്തിയവര്‍ സഞ്ചരിച്ച വാഹനവും പോലീസ് ഉറപ്പിച്ചു.

വെട്ടേറ്റ് ചികിത്സയിലായിരുന്ന കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി പുലര്‍ച്ചെ ആണ് മരിച്ചത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒന്‍പത് മണിയോടെ പൗഡികോണം സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. അമിതമായി രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. വെട്ടേറ്റ് ജോയി ഏറെ നേരം റോഡില്‍ കിടന്നിരുന്നു. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തും വരെ ആരും ജോയിയുടെ അടുത്തു പോലും പോയില്ല.

വെട്ടേറ്റ് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും സൂചനകളുണ്ട്. കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജോയി. കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഓട്ടോയും തകര്‍ന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.