- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആലുവയിലെ സമ്പന്ന ദമ്പതികള്‍ സെവന് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനിരുന്ന 200 കോടി വിലമതിക്കുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയത് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ്സ് കമ്പനിയുടെ പേരില്‍; ലേലത്തില്‍ ലീസിനെടുത്ത സ്ഥലം ഉദ്യോഗസ്ഥ സഹായത്തോടെ സ്വന്തം പേരിലാക്കി തട്ടിപ്പ്; ഇതുവരെ സഹായിച്ച പിണറായി ശത്രുവായതോടെ അന്‍വറിന്റെ സാമ്രാജ്യം വീഴുന്നു
ഇതുവരെ സഹായിച്ച പിണറായി ശത്രുവായതോടെ അന്‍വറിന്റെ സാമ്രാജ്യം വീഴുന്നു
തിരുവനന്തപുരം: ആലുവയില്‍ 11.46 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതില്‍ പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് രാഷ്ട്രീയ കേരളത്തില്‍ ഇന്നലെ ചര്‍ച്ചയായിരുന്നു. തനിക്കെതിരെ പിണറായി വിജയന്‍ പകപോക്കുന്നു എന്നൊക്കെ പറഞ്ഞാണ് ഈ വിഷയത്തില്‍ അന്‍വര്‍ പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍, അനധികൃതമായ ഈ ഭൂമി ഇടപാട് അടക്കമുള്ള പല വിഷയങ്ങളിലും അന്‍വര്‍ ഇനി നിലംതൊടാതേ ഓടേണ്ടി വരും.
തന്നെ തട്ടിപ്പുകള്‍ക്ക് ഇത്രയും കാലം സിപിഎമ്മിനെയും ഭരണത്തെയും മറയാക്കുകയായിരുന്നു അന്‍വര്‍. രാഷ്ട്രീയ ധാര്‍മ്മികതയൊന്നും അദ്ദേഹത്തിന് ബാധകമായതുമില്ല. അതുകൊണ്ട് തന്നെയാണ് പിണറായി വിജയനെ കുറ്റംപറഞ്ഞ് ഇടതു മുന്നണി വിട്ട അന്‍വര്‍ എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിന് പിന്നില്‍ അന്‍വറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വന്‍ കഥതന്നെ ഒളിഞ്ഞിരിപ്പുണ്ട്. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രനുമായുള്ള ഉടക്കുകളാണ് അന്‍വറിനെ ഈ നിലയില്‍ എത്തിച്ചിരിക്കുന്നത്.
ആലുവയില്‍ 11.46 ഏക്കര്‍ ഭൂമിയുടെ ഇടപാടില്‍ ഇത്രയും കാലം വിജിലന്‍സ് അന്വേഷണം നടക്കാതിരുന്നത് അദ്ദേഹം ഭരണകക്ഷിയുടെ ഭാഗമായിരുന്നതു കൊണ്ടാണ്. ഇപ്പോഴത്തെ നിലയില്‍ അന്‍വറിനെതിരായ പരാതികളിലും ആക്ഷേപങ്ങളിലും നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്നതാണ് പിണറായി വിജയന്റെ നിലപാട്. ഇതോടെ ആലുവയിലെ 200 കോടി വില വരുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്തതിന്റെ യാഥാര്‍ഥ്യങ്ങളിലേക്കും വരും ദിവസങ്ങളില്‍ അന്വേഷണമെത്തും. അന്‍വറിന്റെ തട്ടിപ്പിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നടപടി നേരിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ആലുവയിലെ സമ്പന്ന ദമ്പതികള്‍ തകര്‍ന്ന സ്വപ്‌നവും അന്‍വറിന്റെ കുരുട്ട് ബുദ്ധിയും
ആലുവ ഈസ്റ്റ് വില്ലേജില്‍ പാട്ടാവകാശം മാത്രമുള്ള 11.46 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം എത്തുന്നത്. അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമയപരിധിക്കുള്ളില്‍ സര്‍ക്കാരില്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ആലുവയിലെ 11.46 ഏക്കര്‍ ഭൂമിയില്‍ ഏഴുനില കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തിന് പിന്നില്‍ കൊച്ചിയിലെ വ്യവസായ ദമ്പതികളുടെ കണ്ണീരിന്റെ കഥയാണ് ഉള്ളത്. 70കളില്‍ എറണാകുളത്തെ അതിസമ്പന്നരായിരുന്ന ജോയി മാത്യു-ഗ്രേസി തോമസ് ദമ്പതികളുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയുക എന്നത്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ സ്മാരകമാണ് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന ഏഴുനില കെട്ടിടം. നക്ഷത്ര ഹോട്ടല്‍ നിര്‍മാണം നിയമക്കുരുക്കില്‍ കുടങ്ങിയതോടെ ഫണ്ട് വരവ് പ്രശ്‌നത്തിലായി ഈ ദമ്പതികള്‍ വലിയ പ്രതിസന്ധിയിലായി. വായ്പ്പ മുടങ്ങിയതോടെ സ്വപ്‌ന പദ്ധതിയെ ഇവര്‍്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ആലുവയില്‍ നാവികസേന ആയുധ സംഭരണ ശാലക്ക് സമീപം 11.46 ഏക്കര്‍ ഭൂമി ഇന്റര്‍ നാഷണല്‍ ഹൗസിങ് കോംപ്ലക്സിന്റേതാണ്. ഇവര്‍ 99 വര്‍ഷത്തിന് ഭൂമി ജോയ്മത് ഹോട്ടല്‍ റിസോര്‍ട്സ് ലിമിറ്റഡിന് പാട്ടത്തിന് നല്‍കുകയായിരുന്നു. ഇവിടെ ഏഴു നിലകളുള്ള സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ റിസോര്‍ട്ട് കെട്ടിടങ്ങളാണ് പണിതത്. ജോയ്മത് റിസോര്‍ട്ട് ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ന്യൂഡല്‍ഹിയിലെ ഡി.ആര്‍.ടിയില്‍ (ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍)നിന്നും അന്‍വര്‍ സ്ഥലം ലേലത്തിന് എടുക്കുകയായിരുന്നു. ഇതിനായി ഒരു കടലാസ് കമ്പനിയെ രൂപം കൊടുത്തുകയാണ് അന്‍വര്‍ ചെയ്തത്.
പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് ഇന്ത്യയാണ് ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍, പാട്ടാവകാശം മാത്രമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്ന് പറഞ്ഞ് പി.വി അന്‍വര്‍ ആലുവ ഈസ്റ്റ് വില്ലേജില്‍ ഈ ഭൂമി നിയമവിരുദ്ധമായി നികുതിയടച്ച് സ്വന്തമാക്കുകയായിരുന്നു. പോക്കുവരവ് ചെയ്യാന്‍ വിലക്കുള്ള ഭൂമിയില്‍ അന്‍വറിന് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ്. പാട്ടഭൂമി ക്രയവിക്രയത്തിന് അവകാശമുള്ള സ്വന്തം ഭൂമിയാണെന്ന് വെളിപ്പെടുത്തി അന്‍വര്‍ ബാങ്കിനെയും കബളിപ്പിച്ചിട്ടുണ്ട്.
എസ്.ബി.ഐ കോയമ്പത്തൂര്‍ ബ്രാഞ്ചില്‍ നിന്നും 14 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക ലാഭം നേടുകയും ചെയ്തിട്ടുണ്ട്. പാട്ട അവകാശമുള്ള ഭൂമിയാണ് ക്രയവിക്രയം നടത്തിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ അന്‍വറിന്റെ തട്ടിപ്പിന് കൂട്ടുനിന്നവര്‍ പരക്കം പായുന്ന അവസ്ഥയാണ്. രജിസ്റ്റര്‍ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നല്‍കാനും പോക്കുവരവ് നടത്തി തണ്ടപ്പേര്‍ നമ്പറിട്ട് കരം സ്വീകരിക്കേണ്ടതും. എന്നാല്‍ പോക്കുവരവ് നടത്താനായി പി.വി അന്‍വറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസില്‍ ഇല്ലെന്ന് മുരുഗേഷ് നരേന്ദ്രന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിരുന്നു.
അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തി നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്നാരോപിച്ചായിരുന്നു വിജിലന്‍സില്‍ പരാതി നല്‍കിയത്. നേരത്തെ ഭരണപക്ഷത്തായിരുന്നപ്പോള്‍ അന്‍വറിന് സംരക്ഷണം ഒരുക്കിയത് സര്‍ക്കാറായിരുന്നു. എന്നാല്‍ പിണറായിയെ തള്ളിപ്പറഞ്ഞതോടെ അന്‍വറിന്റെ തട്ടിപ്പുകള്‍ ഓരോന്നായി പുരത്തേക്കു വരികയാണ്.
വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയ ശേഷമാണ് പി.വി അന്‍വര്‍ എം.എല്‍.എയായ സമയത്ത് വിജിലന്‍സ് അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ നവംബര്‍ 19നാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. കഴിഞ്ഞ ഡിസംബര്‍ 24ന് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറേറ്റ് അന്‍വറിനെതിരെ അന്വേഷണം തുടങ്ങിയത്.
നിലവില്‍ 200 കോടി രൂപ മതിപ്പുവിലയുള്ളതാണ് എടത്തലയില്‍ അന്‍വര്‍ അനധികൃതമായി നികുതിയടച്ച് സ്വന്തമാക്കിയ ഭൂമിയും 7 നില കെട്ടിടവും. പ്രതിരോധ ഗസറ്റ് പ്രകാരം അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ നിയമിച്ച കെട്ടിടം പൊളിക്കണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കെട്ടിടത്തില്‍ നടത്തിയ ലഹരിപാര്‍ട്ടിയില്‍ കെട്ടിട ഉടമയായ പി.വി അന്‍വറിനെിരെ കേസെടുക്കാത്തതില്‍ കോടതി അലക്ഷ്യഹരജിയും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ അനധികൃത പോക്കുവരവ് നടത്തിയതിലെ വിജിലന്‍സ് അന്വേഷണവും അന്‍വറിന് കുരുക്കാവുകയാണ്. യുഡിഎഫിലേക്ക് ചുവടുമാറി ഭരണമാറ്റം ഉണ്ടായാല്‍ തന്റെ തട്ടിപ്പുകളെ വെളുപ്പിച്ചെടുക്കാം എന്നാണ് അന്‍വറിന്റെ കണക്കൂട്ടല്‍.
അന്‍വറിനെ വിടാതെ മുരുഗേഷിന്റെ പോരാട്ടം
പി വി അന്‍വറിന്റെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു കൊണ്ടുവന്നത് കൊല്ലം സ്വദേശിയായ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പോരാട്ടങ്ങളാണ്. മുരുഗേഷിന്റെ ഭാര്യ പിതാവ് റീഗല്‍ ശ്രീധരന് നിലമ്പൂരുള്ള എസ്റ്റേറ്റിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് അന്‍വറുമായി ഉടക്കുണ്ടാകുന്നത്. 200 ഏക്കര്‍ എസ്റ്റേറ്റില്‍ അന്‍വര്‍ ചില സ്ഥലം അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഭാര്യാ പിതാവ് തുടങ്ങിയ പോരാട്ടം മുരുഗേഷ് ഏറ്റെടുക്കുകയായിരുന്‍. അന്‍വറിന്റെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു കൊണ്ടുവന്നത് മുരുഗേഷിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
നിയമം ലംഘിച്ച് നിര്‍മ്മിച്ച അന്‍വറിന്റെ നാല് തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് മുരുഗേഷിന്റെ പോരാട്ടത്തിന് ഒടുവിലാണ്. ടൂറിസം പദ്ധതിയുടെ ഭാഗമായി പി.വി അന്‍വര്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ പിവിആര്‍ നാച്വറോ റിസോര്‍ട്ടില്‍ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നിര്‍മ്മിച്ച 4 തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് മുരുഗേഷ് നരേന്ദ്രന്‍ തുടക്കമിട്ട നിയമപോരാട്ടമാണ്.
പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക്, ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 2017ല്‍ സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ പീവീആര്‍ നാച്വറോ റിസോര്‍ട്ട് നിര്‍മ്മിച്ചത്. ഇരുവഴഞ്ഞിപ്പുഴയിലേക്കെത്തുന്ന പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി യാതൊരു അനുമതിയുമില്ലാതെ മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയും നിര്‍മ്മിച്ചു. നീരുറവ നികത്തി റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയത്. തടയണകളില്‍ നിന്നും 130 മീറ്റര്‍ മാറിയാണ് ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സെന്റ്മേരീസ് ഹൈസ്‌ക്കൂള്‍.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ ഉരുള്‍പൊട്ടല്‍ മേഖലയായ ഹൈ ഹസാര്‍ഡ് സൊണേഷനിലുള്ള സ്ഥലത്ത് തടയണകള്‍ കെട്ടിയിട്ടും അധികൃതര്‍ അനങ്ങിയില്ല. അനുമതിയില്ലാതെ തടയണകള്‍ കെട്ടിയതും ദുരന്തസാധ്യതയും ചൂണ്ടികാട്ടി തടയണകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനാണ് 2018ല്‍ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ കോഴിക്കോട് കളക്ടര്‍ക്ക് ആദ്യം പരാതി നല്‍കിയത്. ഒരു വര്‍ഷമായിട്ടും പരാതിയില്‍ കളക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രന്‍ 2019ല്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്‍കി.
റവന്യൂ മന്ത്രി കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി. ഒടുവില്‍ മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ക്കും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് തടയണകള്‍ക്കും റിസോര്‍ട്ടിനുമെതിരെ നടപടിയാവശ്യപ്പെട്ട് കക്കാടംപൊയില്‍ സ്വദേശി കെ.വി ജിജു കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. നടപടിയില്ലാഞ്ഞതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലന്‍സ് സ്‌ക്വാഡിന് പരാതി നല്‍കി.
മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് തടയണകള്‍ നിര്‍മ്മിച്ചതെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കക്കാടംപൊയിലില്‍ തടയണകള്‍ ഉള്‍പ്പെടെ പി.വി അന്‍വറിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക അന്വേഷണ യാത്ര തടഞ്ഞ് അംഗങ്ങള്‍ക്കു നേരെ കക്കാടംപൊയിലില്‍ അക്രമമുണ്ടായി.
തടയണകള്‍ നിയമ വിരുദ്ധമായാണ് നിര്‍മ്മിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുക്കാതായതോടെ സാംസ്‌കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ 2020തില്‍ ഹൈക്കോടതിയെ സമീപിച്ചു. കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കളക്ടര്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2020തില്‍ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടര്‍ വിചാരണ നടത്തിയെങ്കിലും പീവീആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ല.
ഹൈക്കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ കളക്ടര്‍ തീരുമാനമെടുക്കാതായതോടെ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ടി.വി രാജന്‍ 2021ല്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കളക്ടര്‍ക്ക് നോട്ടീസ് അയച്ചതോടെ വീണ്ടും കളക്ടര്‍ ടി.വി രാജനെയും റിസോര്‍ട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി. രണ്ടു തവണ നടത്തിയ വിചാരണയിലും പീവീആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാനായില്ല. ഇതോടെ പീവീആര്‍ നാച്വറോ റിസോര്‍ട്ടിനു വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച 4 തടയണകളും പൊളിച്ചു നീക്കാന്‍ 2021 ഓഗസ്റ്റ് 30ന് കോഴിക്കോട് കളക്ടര്‍ ഉത്തരവിട്ടു.
കളക്ടറുടെ ഉത്തരവ് പ്രകാരം തടയണ പൊളിക്കാതെ തടയണയിലെ വെള്ളം മാത്രം ഒഴുക്കിവിടുകയാണുണ്ടായത്. തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ പി.വി അന്‍വര്‍ എംഎല്‍എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തി. തടയണകള്‍ പൊളിച്ചാല്‍ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവര്‍ക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ല്‍ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു. തടയണകള്‍ പൊളിക്കല്‍ താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഷഫീഖ് ആലുങ്ങളിന്റെ അപേക്ഷയില്‍ അഡ്വ. ടി.ടി ഷാനിബയെ അഡ്വക്കറ്റ് കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കറ്റ് കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച കഴിഞ്ഞ ഏപ്രില്‍ 11ന് പരിസ്ഥിതി പ്രവര്‍ത്തകരെ തടയണ പ്രദേശത്തേക്ക് പ്രവേശിക്കാതെ തടഞ്ഞ് വെച്ചു. രേഖകള്‍ സമര്‍പ്പിക്കാനെത്തിയ പരാതിക്കാരന്‍ കെ.വി ജിജുവിനെയും കടത്തിവിട്ടില്ല.
തടയണയിലെ വെള്ളം ഒഴുക്കിവിട്ടതിനാല്‍ അപകടഭീഷണിയില്ലെന്നും തടയണയില്‍ വെള്ള്‌ളം ഉള്ളതുകൊണ്ടാണ് സമീപത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം ലഭിക്കുന്നതെന്നും തടയണ പൊളിച്ചാല്‍ നാട്ടുകാര്‍ക്ക് വഴിയുണ്ടാകില്ലെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. കക്കാടംപൊയില്‍ സ്വദേശി കെ.വി ജിജു കേസില്‍ കക്ഷിചേര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിശദമായ വാദങ്ങള്‍ക്കു ശേഷമാണ് തടയണകള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവിട്ടത്.
ഏഴു നില അനധികൃത കെട്ടിടം പൊളിച്ചുനീക്കേണ്ട അവസ്ഥയില്‍
മുരുഗേഷിന്റെ പോരാട്ടഫലമായാണ് ആലുവയിലെ അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച ഏഴു നില അനധികൃത കെട്ടിടം പൊളിച്ചുനീക്കാനും ഒരുങ്ങുന്നത്. ഈ വിഷയത്തില്‍ അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യ ശാസനം നല്കിയിരുന്നു. എടത്തല പഞ്ചായത്തില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപമുള്ള ഈ ബില്‍ഡുമായി ബന്ധപ്പെട്ട പരാതിയില്‍ മറുപടി നല്‍കാന്‍ അവസാന അവസരമായി മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍ദ്ദേശം നല്‍കി.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റും സാമൂഹിക പ്രവര്‍ത്തകനുമായ കെ.വി ഷാജിയുടെ ഹരജിയിലാണ് നടപടി. നേരത്തെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുവരും പാലിച്ചിരുന്നില്ല. ഇതോടെയാണ് അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. എടത്തലയില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം പ്രതിരോധ ഗസറ്റ് വിജ്ഞാപന പ്രകാരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സപ്ത നക്ഷത്ര ഹോട്ടല്‍ സൗകര്യത്തോടെയുള്ള അന്‍വറിന്റെ ഏഴുനില കെട്ടിടമുള്ളത്.
ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 99 വര്‍ഷത്തെ പാട്ടത്തിന് സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മ്മിച്ച ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്. അതീവ സുരക്ഷാമേഖലയില്‍ അനുമതിയില്ലാത്ത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാവികസേന ആയുധസംഭരണ ശാല വര്‍ക്‌സ് മാനേജര്‍ 2016 മാര്‍ച്ച് 14ന് എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരുന്നു.
എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അതു പരിഗണിക്കാതെയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ലഹരിപാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു. 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് ഈ കെട്ടിടത്തില്‍ ആലുവ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയും ഇവിടെ നിന്നും മദ്യമടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ കെ.വി ഷാജി എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതു പരിഗണിക്കാതിരുന്നതോടെയാണ് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ ഹൈക്കോടതി നടപടികള്‍ കൂടി ആയതോടെ അന്‍വര്‍ ആകെ പെട്ട അവസ്ഥയിലാണ്. നേരത്തെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയും അന്‍വര്‍ കബളിപ്പിക്കപ്പെട്ടിരുന്നു. പിണറായി വിജയനെ ശത്രുപക്ഷത്തു നിര്‍ത്തിയുള്ള മുന്നോട്ടു പോക്കില്‍ അന്‍വറിന്റെ സാമ്രാജ്യം മൂക്കും കുത്തി താഴെ വീഴുന്ന അസ്ഥയിലാണ്.