- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴ്സ് പൂർത്തിയാക്കിയാൽ ഇന്റർനാഷണൽ അഫിലിയേഷനുള്ള സർട്ടിഫിക്കറ്റുകൾ നൽകാം; കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലിക്ക് അപേക്ഷിച്ചപ്പോൾ പുറത്ത് വന്നത് വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തട്ടിപ്പ്; പഠിച്ചിറങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്തിട്ടും നടപടിയെടുക്കാതെ പോലീസ്
തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ പരിശീനലനം നൽകി വിദേശത്തും അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ്. വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ആൻഡ് ന്യൂട്രീഷൻ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വിവിധ കോസ്മെറ്റിക്ക് കോഴ്‌സുകൾക്കുള്ള പരിശീലനമാണ് സ്ഥാപനത്തിലൂടെ നൽകിയിരുന്നത്. ഇന്റർനാഷണൽ അഫിലിയേഷനുള്ള സർട്ടിഫിക്കറ്റുകളാണ് കോഴ്‌സുകൾക്കുള്ളതെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികളെ വിവിധ കോഴ്സുകളിൽ ചേർത്തിരുന്നത്. പോത്തൻകോട് സ്വദേശിയായ സജ്‌ന ജബ്ബാർ ( 30 ) നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുജിത്, സരിക, ശ്രീവിദ്യ, ഷൈനി, ജിഷ്ണു എന്നിവർക്കെതിരെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്.
2019ലാണ് സജ്‌ന വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ആൻഡ് ന്യൂട്രീഷൻ എന്ന സ്ഥാപനത്തിൽ വിവിധ കോഴ്സുകളിൽ ചേരുന്നത്. 9ഓളം കോഴ്‌സുകൾ വിഎൽസിസിയിൽ നിന്നും സജ്‌ന പൂർത്തിയാക്കിയിരുന്നു. 445266 രൂപയാണ് ഇത്രയും കോഴ്‌സുകൾക്കായി ചെലവായത്. ലേസർ എസ്തെറ്റിക്സ് കോഴ്സിനായി 1,85,082 രൂപയും, ഡിപ്ലോമ ഇൻ കോസ്മറ്റോളജി എന്ന കോഴ്സിന് 80,000 രൂപയും, അഡ്വാൻസ്‌ഡ് സർട്ടിഫിക്കറ്റ് ഇൻ ഹെയർ ടെക്നോളജി കോഴ്സിനായി 30,864 രൂപയുമാണ് ഫീസായി നൽകിയത്. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വിഎൽസിസിയിൽ ഫീസ് അധികമായിരുന്നുവെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. ഇന്റർനാഷണൽ അഫിലിയേഷനുള്ള സർട്ടിഫിക്കറ്റുകൾ നല്കുന്നതിനാലാണ് അധികം തുകയാകുന്നതെന്നുമായിരുന്നു വിഎൽസിസിയുടെ വിശദീകരണം.
അഫിലിയേഷനില്ലാത്ത സർഫിക്കറ്റുകൾ നൽകി നിരവധി പേരെ ഇവർ കബളിപ്പിച്ചതായാണ് സൂചന. വിദേശത്ത് ജോലി ചെയ്യാൻ ആവശ്യമായ സിഡെസ്കോ സർട്ടിഫിക്കേഷൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിന് ഇല്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. സാമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരി ഇന്സ്ടിട്യൂട്ടിൽ ബന്ധപ്പെടുന്നത്. ബ്രൈഡൽ മേക്കപ്പ് കോഴ്സിനായാണ് പരാതിക്കാരി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുന്നത്. എന്നാൽ ഈ കോഴ്സിനെക്കാൾ ജോലി സാധ്യതയും ശമ്പളവും ലഭിക്കുന്നത് കോസ്മറ്റോളജി കോഴ്സിനാണെന്നും പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് ദുബായിലായിരുന്നു യുവതി കോഴ്സ് പഠിക്കാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കോസ്മറ്റോളജി ചെയ്യുന്നതിനിടെ അഡാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹെയർ ടെക്‌നോളജി കോഴ്സും, ലേസർ എസ്തെറ്റിക്സ് കോഴ്സ് പരാതിക്കാരി പൂർത്തിയാക്കിയിരുന്നു. ലേസർ എസ്തെറ്റിക്സ് കോഴ്സ് ഡോക്ടറുടെ കീഴിൽ പഠിക്കേണ്ടിയിരുന്ന കോഴ്‌സായിരുന്നു. ഇന്റർനാഷൽ സർട്ടിഫിക്കറ്റാണ് ഈ കോഴ്സിന് നല്കുന്നതെന്നതിനാൽ വിദേശ രാജ്യങ്ങളിലടക്കം ജോലി നേടാൻ കഴിയുമെന്നുമാണ് വിഎൽസിസി അവകാശപ്പെട്ടിരുന്നത്. എന്നാൽ ജോലിയ്ക്കായി ദുബായിൽ അപേക്ഷിച്ച സമയത്ത് അംഗീകാരമില്ലതിനാൽ സർട്ടിഫിക്കറ്റ് നിരസിക്കുകയായിരുന്നു.
വിഎൽസിസിയുമായി ബന്ധപ്പെട്ടപ്പോൾ ഈ കോഴ്സ് ഒരു വർക്ക് ഷോപ് കോഴ്സ് ആയിരുന്നുവെന്നും യുജിസി അംഗീകാരം നൽകാൻ കഴിയില്ലെന്നും പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ലഭിക്കണമെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ സ്ഥലത്ത് തന്നെ ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമായിരുന്നു. ഇതിനാൽ ഒരു വർഷം തിരുവനന്തപുരത്തെ സ്വകാര്യ ക്ലിനിക്കിൽ പരാതിക്കാരി ജോലി ചെയ്തു. ദുബായിലാണ് സജ്‌ന ജോലിക്കായി ശ്രമിച്ചിരുന്നത്. ദുബായിൽ ജോലി ലഭിക്കുന്നതിനായി ഒരു വർഷത്തെ പരിചയസമ്പത്ത് കൂടാതെ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ)യിൽ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്.
ശേഷം ദുബായ് ഹെൽത്ത് അതോറിറ്റി സർട്ടിഫിക്കറ്റുകളുടെ അഫിലിയേഷൻ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഒരു പരീക്ഷയും നടത്തും. ഈ പരീക്ഷയ്ക്കായി ഉദ്യോഗാർഥി 4610 എഇഡി (1,06,991.88 രൂപ) അടച്ചിരുന്നു. ഈ കാശും സജ്‌നക്ക് നഷ്ടമായി. 2024ലാണ് സജ്‌ന അതോറിറ്റിയിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത്. പരാതിക്കാരി ദുബായ് ഹെൽത്ത് അതോറിറ്റിയിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ യോഗ്യമല്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി മനസ്സിലാക്കുന്നത്. അതോറിറ്റിയിൽ അന്വേഷിച്ചപ്പോൾ വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സർട്ടിഫിക്കറ്റുകൾ അംഗീകാരമില്ലാത്തവയാണെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ പരാതിക്കാരി ഇന്സ്റ്റിട്യൂട്ടുമായി ബന്ധപ്പെട്ടിരുന്നു.
10 ദിവസത്തിനകം അഫിലിയേഷനുമായുണ്ടായ പ്രശ്നത്തിൽ പരിഹാരം കാണാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ 8 മാസത്തോളമായിട്ടും അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകാതെ ഇൻസ്റ്റിറ്റ്യൂട്ട് സജ്‌നയെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയിൽ നിരവധിപേരാണ് കബളിപ്പിക്കപ്പെട്ടതെന്നാണ് സൂചന. വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ തിരുവനന്തപുരം സ്വദേശികളായ വിനിതയും, മാളവിക എന്നിവരും ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും പക്കൽ നിന്നും ലക്ഷങ്ങളാണ് അംഗീകൃത കോഴ്‌സെന്ന പേരിൽ പ്രതികൾ തട്ടിയത്. ഭാരതീയ ന്യായ സംഹിതയിലെ 420, 34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സ്ഥാപനത്തിനെതിരെയോ, പ്രതികൾക്കെതിരെയോ ഒരു നടപടിയും സ്വീകരിക്കാൻ പോലീസിനായിട്ടില്ല.