- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകി ചമഞ്ഞ് കൂടെക്കൂടി; ഫാഷന്‍ വസ്ത്രങ്ങള്‍ നല്കി വിശ്വാസം പിടിച്ചുപറ്റി; കൊലയാളികളെ വിളിച്ച് വരുത്തിയതും യുവതി; വാഘ്മാരെയുടെ കൊലപാതകം
മുംബൈ: മുംബൈയിലെ വര്‍ളിയില്‍ കൊടുംകുറ്റവാളി ഗുരു സിദ്ദപ്പ വാഘ്മാരെയെ കൊലപ്പെടുത്തിയത് ഹണിട്രാപ്പില്‍ കുരുക്കിയെന്ന് പൊലീസ്. കാമുകിയായി ചമഞ്ഞ് ഒപ്പംകൂടിയ യുവതിയുടെ സഹായത്തോടെയെന്ന് വാഘ്മാരെയെ വര്‍ളിയിലെ സോഫ്റ്റ് ടച്ച് സ്പായില്‍വച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രണ്ടുപേരെയും വാഘ്മാരെയുടെ കൂടെ കാമുകി ചമഞ്ഞ് കൂടിയ മേരി ജോസഫ് എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ആസൂത്രിതകൊലപാതകമെന്ന് വ്യക്തമായത്.
ജൂലൈ 24നായിരുന്നു വാഘ്മാരെയുടെ കൊലപാതകം. വര്‍ളിയിലെ സോഫ്റ്റ് ടച്ച് സ്പായില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് 25 പ്രാവശ്യം കുത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനിടെ ക്രൈം ബ്രാഞ്ച് കൊലയാളികളായ ഫിറോസ്, സാഖിബ് അന്‍സാരി എന്നിവരെ അറസ്റ്റ് ചെയ്തു. സ്പാ ഉടമയായ സന്തോഷ് ഷെരീക്കര്‍ എന്നയാളാണ് കൊലയാളികളെ നിയോഗിച്ചത് എന്നും വ്യക്തമായി.
നിരവധി തവണ വധശ്രമം നടത്തിയിട്ടും ഇവര്‍ക്ക് വാഘ്മാരെയെ കൊലപ്പെടുത്താനായില്ല. ജൂലൈ 24ന് പുലര്‍ച്ചെ മേരി ജോസഫ് വാഘ്മാരെയും കൂട്ടി സ്പായിലേക്ക് പോയി. ഇവിടെവെച്ച് ഇവര്‍ വാഘ്മാരെയെ മദ്യപിച്ച് മയക്കിക്കിടത്തിയ ശേഷം കൊലയാളികളെ വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതക വിവരം രാവിലെ ഇവര്‍ തന്നെയാണ് പുറത്തറിയിച്ചത്.
മേരി ജോസഫ് എന്ന യുവതി വാഘ്മാരെയെ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയും കുട്ടികളുമുള്ള വാഘ്മാരെക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സന്തോഷ് ഷെരീക്കറിന്റെ നിര്‍ദേശപ്രകാരം മേരി ജോസഫ് വാഘ്മാരെയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇവര്‍ പലപ്പോഴും ഒരുമിച്ച് കഴിഞ്ഞു.
വാഘ്മാരെയുടെ വീട്ടില്‍ മേരി ജോസഫ് വന്ന് താമസിച്ചതായി ഭാര്യ വെളിപ്പെടുത്തിയിരുന്നു. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചിരുന്ന വാഘ്മാരെ, കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പ് മുതല്‍ ടീ-ഷര്‍ട്ടും ജീന്‍സും ഉള്‍പ്പെടെ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുതുടങ്ങി. മേരി സമ്മാനമായി നല്‍കിയതായിരുന്നു ഇവ. ഇങ്ങനെ ഇവര്‍ വാഘ്മാരെയുടെ വിശ്വാസം പിടിച്ചുപറ്റി.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആളാണ് വാഘ്മാരെ. ശത്രുക്കളുടെ പേര് കാലില്‍ പച്ചകുത്തുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നു. സ്പാ ഉടമയായ സന്തോഷ് ഷെരീക്കറും വാഘ്മാരെയും തമ്മില്‍ ഒരിക്കല്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെരീക്കര്‍ കൊലയാളികളെ നിയോഗിച്ചത്. വാഘ്മാരെയെ വശീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മേരി ജോസഫിനെ നിയോഗിക്കുകയും ചെയ്തു. ആറ് ലക്ഷം രൂപയാണ് ഷെരീക്കര്‍ ഇതിനായി കൊലയാളി സംഘത്തിന് നല്‍കിയത്.
കൊലക്ക് മുമ്പ് സ്പാക്ക് പുറത്തെ ഒരു ഗുഡ്ക കടയില്‍ നിന്ന് കൊലയാളികളിലൊരാളാള്‍ ഗുഡ്ക വാങ്ങിയിരുന്നു. ഇതിന്റെ പണം ഗൂഗിള്‍ പേ വഴിയാണ് നല്‍കിയത്. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പര്‍ അന്വേഷിച്ചാണ് പൊലീസ് അതിവേഗം കൊലയാളികളിലേക്കെത്തിയത്.