കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിലെ ദുരൂഹത പൊലീസ് വിശദമായ അന്വേഷണത്തിന്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനും മകന്‍ ജിജേഷും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുല്‍ത്താന്‍ബത്തേരിയിലെ വീട്ടുവളപ്പില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കും. വിഷം കഴിച്ച നിലയിലാണ് വിജയനെയും മകനെയും ചൊവ്വാഴ്ച വീട്ടില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആയ ഇരുവരും ഇന്നലെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലില്‍ വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ല. മരണത്തിന് പിന്നിലെ കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബത്തേരിയിലെ പ്രമുഖ സഹകാരിയെന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചര്‍ച്ചയില്‍ നില്‍ക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍. എം വിജയന്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനാണ്.

ഒരുകാലത്ത് വയനാട് ജില്ലയിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം. സുല്‍ത്താന്‍ ബത്തേരിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്ന നേതാവ്. സൗമ്യമായ പെരുമാറ്റവും ഇടപെടലുകളും അദ്ദേഹത്തെ ബത്തേരിയിലെ കോണ്‍ഗ്രസിന്റെ മുഖമാക്കി. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃനിരയിലെ ശക്തനുമായിരുന്നു അദ്ദേഹം. 'എന്‍.എം.' എന്ന ചുരുക്കപ്പേരില്‍ സമകാലികര്‍ക്കും 'വിജയേട്ടന്‍' എന്നവിളിയില്‍ പിന്‍തലമുറയ്ക്കും വഴികാട്ടിയായിനിന്നയാളുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

അതും അദ്ദേഹത്തില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതരത്തിലുള്ള മരണമെന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നു. 1970-കളിലാണ് എന്‍.എം. വിജയന്‍ സജീവരാഷ്ട്രീയത്തിലേക്ക് വന്നത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലും കോഴിക്കോട് ദേവഗിരി കോളേജിലും പഠനം പൂര്‍ത്തിയാക്കിയശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതേസമയത്ത് രാഷ്ട്രീയപ്രവര്‍ത്തനവും തുടങ്ങി. കേരള പോലീസില്‍ എസ്.ഐ.യായി സെലക്ഷന്‍ കിട്ടിയിരുന്നു. അവസാനം നിമിഷം ആ ജോലി കൈവിട്ടും അദ്ദേഹം.

പിന്നീട് ബാങ്കിലെ ജോലിയുപേക്ഷിച്ച് മുഴുവന്‍സമയ രാഷ്ട്രീയക്കാരനായി. ഇടക്കാലത്ത് ഡി.ഐ.സി. രൂപവത്കരിച്ചപ്പോള്‍ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നതൊഴിച്ചാല്‍ അദ്ദേഹം കോണ്‍ഗ്രസിനൊപ്പംതന്നെയായിരുന്നു. സുല്‍ത്താന്‍ബത്തേരി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിട്ടായിരുന്നു പാര്‍ട്ടിയിലേക്ക് ഔദ്യോഗികചുമതലകളുടെ തുടക്കം. 1992-ല്‍ മണ്ഡലം പ്രസിഡന്റായി. പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹമായിരുന്നു ബത്തേരിയുടെ നേതൃനിരയില്‍. 2007 ഡി.സി.സി. ജനറല്‍ സെക്രട്ടറിയായി ജില്ലയിലെ നേതൃനിരയിലേക്ക് ഉയര്‍ന്നു. പിന്നീട് ഡി.സി.സി. ട്രഷറര്‍ സ്ഥാനവും ഏറ്റെടുത്തു.

പാര്‍ട്ടിപ്രവര്‍ത്തകനാകുമ്പോഴും ഒരുവിഭാഗത്തിന്റെമാത്രം നേതാവായിരുന്നില്ല അദ്ദേഹം. ജനപ്രതിനിധിയെന്നനിലയിലും മികവുറ്റപ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സുല്‍ത്താന്‍ബത്തേരി ഗ്രാമപ്പഞ്ചായത്തായിരുന്നസമയത്ത് ഒരുതവണ പ്രസിഡന്റായിരുന്നു. രണ്ടുതവണ വൈസ് പ്രസിഡന്റും. ബത്തേരി ഗ്രാമപ്പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതിനുശേഷമുള്ള പ്രഥമ ഭരണസമിതിയില്‍ അദ്ദേഹവും അംഗമായിരുന്നു. ബത്തേരിയുടെ അടിസ്ഥാനസൗകര്യവികസനത്തിന് വഴിയൊരുക്കിയ ജനപ്രതിനിധികളില്‍ മുന്‍പന്തിയിലാണ് എന്‍.എം. വിജയന്റെയും സ്ഥാനം. രാഷ്ട്രീയത്തിനൊപ്പം കലാ, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളിലും അദ്ദേഹം സജീവമായിരുന്നു.

ബത്തേരി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം, സഹകരണ പ്രസ് ഡയറക്ടര്‍, ബത്തേരി മഹാഗണപതിക്ഷേത്രസമിതി നിര്‍വാഹകസമിതിയംഗം തുടങ്ങി ഒട്ടേറെ ചുമതലകള്‍ അദ്ദേഹം വഹിച്ചു.