- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുഖം പാതി വെന്തുരുകുന്ന കാഴ്ച; വേദന കൊണ്ട് പുളഞ്ഞ് നിലവിളിച്ച് കരഞ്ഞ് ആ 23-കാരി; ജീവൻ പോകുന്ന നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയിട്ടും ഒന്ന് രക്ഷിക്കാൻ പോലും പറ്റാത്ത അവസ്ഥ; രാത്രി വീടിന്റെ ഓട് പൊളിച്ച് ഇറങ്ങിയവൻ ചെയ്തത്; ഒപ്പം ഉണ്ടായിരുന്ന അമ്മയുടെ നിലയും ഗുരുതരം; നടുക്കം മാറാതെ പ്രദേശം

ലഖ്നൗ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ അജ്ഞാതൻ ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ കാജൽ (23) എന്ന യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ മാതാവ് ലീലാവതി ദേവി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോർവാൻ ഗ്രാമത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച രാത്രി വീട്ടിലെ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു കാജലും മാതാവ് ലീലാവതിയും. വീടിന്റെ മേൽക്കൂര വഴി അകത്ത് കടന്ന അക്രമി, ഇരുവരുടെയും ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഉറക്കത്തിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഭയന്നുവിറച്ച യുവതിയുടെയും അമ്മയുടെയും നിലവിളി കേട്ടാണ് ലീലാവതിയുടെ ഭർത്താവ് പ്രഭുനാഥ് യാദവ് ഓടിയെത്തിയത്. എന്നാൽ അദ്ദേഹം എത്തുമ്പോഴേക്കും പ്രതി ഇരുട്ടിൽ മറഞ്ഞിരുന്നു.
ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ കുശിനഗർ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ വരെ മരണത്തോട് പൊരുതിയ കാജൽ ഒടുവിൽ മരണത്തിന് കീഴടങ്ങി. ലീലാവതി ദേവി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുകയാണ്.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ഗോരഖ്പൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (DIG), കുശിനഗർ പൊലീസ് സൂപ്രണ്ട് (SP), അഡീഷണൽ പൊലീസ് സൂപ്രണ്ട് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മോർവാനിലെത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
വ്യക്തിപരമായ പകയാണോ അതോ പ്രണയനൈരാശ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അർദ്ധരാത്രിയിൽ വീടിന്റെ മേൽക്കൂര വഴി അകത്തുകടക്കാൻ സാധിച്ച വ്യക്തിക്ക് വീടിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ സംഭവം. കുറ്റവാളിക്ക് അർഹമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഒരു കുടുംബത്തിന്റെ സമാധാനം കെടുത്തിയ ഈ അജ്ഞാത ആക്രമണത്തിന്റെ നടുക്കത്തിലാണ് മോർവാൻ പ്രദേശം.


