- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൂങ്ങിമരിച്ചതായി കണ്ടത് അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍; നിലത്ത് തട്ടിയ രീതിയിൽ മൃതദേഹം; കണ്ണമംഗലത്തെ ജലീസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഭർത്താവിന്റെ വീട്ടുകാരുമായി നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതി; പോലീസ് അന്വേഷണം നിർണായകമാകും
മലപ്പുറം: കണ്ണമംഗലം മിനി കാപ്പിലിൽ 31 വയസ്സുകാരിയായ യുവതിയെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീരി വീട്ടിൽ നിസാറിന്റെ ഭാര്യ ജലീസയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു ജലീസയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. മരണത്തിന് തലേദിവസം ജലീസയ്ക്ക് ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ സംശയമുണ്ടെന്ന നിലപാടിലാണ് കുടുംബം.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് നിസാർ നിലവിൽ വിദേശത്താണ്. ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നിവരാണ് ജലീസയുടെ മക്കൾ.
സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി മറവ് ചെയ്തു. ജലീസയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ദുരൂഹതകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.




