- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാഗ് വീണെന്ന് വരുത്തി ഭർത്താവിനോട് ബൈക്ക് നിർത്താൻ പറഞ്ഞു; പിന്നാലെയെത്തിയവർ കുഞ്ഞിനെ സാക്ഷിയാക്കി 27കാരനെ നടുറോഡിൽ വെടിവെച്ചു കൊന്നു; കാമുകനൊപ്പം ജീവിക്കാൻ യുവതിയുടെ കവർച്ചാ നാടകം; അന്വേഷണത്തിൽ തെളിഞ്ഞത് ഏഴു വർഷത്തെ പ്രണയബന്ധം; കാമുകനും ഭാര്യയും കുടുങ്ങിയത് ഇങ്ങനെ

ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചാ നാടകം കളിച്ച ഇരുപത്തിമൂന്നുകാരി പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. അറ്റർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളായ റൂബി, ഇവരുടെ കാമുകൻ വിശാൽ വിമൽ (21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ പങ്കാളിയായ മറ്റൊരാൾ ഒളിവിലാണെന്ന് ഭിന്ദ് എസ്.പി അസിത് യാദവ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ധാർ ജില്ലയിൽ സമാനമായ കേസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭിന്ദിലും ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ വരികയായിരുന്ന നിലേഷ് ജാതവ് (27) എന്ന യുവാവിനെ ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് അജ്ഞാതരായ കവർച്ചക്കാർ വെടിവെച്ചുകൊന്നു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.
ജംന ഗ്രാമത്തിൽ നിന്ന് ഖാരികയിലേക്ക് മടങ്ങുന്നതിനിടെ റിഡോലി-ഖാരിക റോഡിൽ വെച്ച് തന്റെ ബാഗ് താഴെ വീണതായി റൂബി പോലീസിന് മൊഴി നൽകി. ബാഗ് എടുക്കാനായി ഭർത്താവ് ബൈക്ക് നിർത്തിയപ്പോൾ പിന്നാലെയെത്തിയ രണ്ട് അജ്ഞാതർ ഭർത്താവിനെ വെടിവെച്ച ശേഷം കടന്നുകളഞ്ഞെന്നായിരുന്നു ഇവരുടെ വാദം.
അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണത്തിനിടെ റൂബിയുടെ മൊഴികളിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെയാണ് ചുരുളഴിഞ്ഞത്. റൂബിയും ബന്ധുവായ വിമലും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നുവെന്നും വാട്ട്‌സ്ആപ്പ് കോളുകളിലൂടെയും ചാറ്റുകളിലൂടെയും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും എസ്.പി വ്യക്തമാക്കി.
ഭർത്താവ് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുന്നുവെന്ന് തോന്നിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച്, ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ റൂബി മനഃപൂർവ്വം ബാഗ് താഴെയിട്ടു. ബൈക്ക് നിർത്തിയ സമയം പിന്നാലെയെത്തിയ വിമലും കൂട്ടാളിയും ചേർന്ന് നിലേഷിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളിൽ നിന്ന് 12 ബോർ നാടൻ തോക്ക്, തിരകൾ, നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക്, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്. സമാനമായ രീതിയിൽ ധാർ ജില്ലയിലും ഒരു യുവതി കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തുകയും പിന്നീട് അത് കവർച്ചാ ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് അവിടെയും സത്യം പുറത്തുവന്നത്.


