കണ്ണൂര്‍: വിദ്യാര്‍ത്ഥിയായ മകനെ മറയാക്കി കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍ ' കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി സ്വദേശി ബീവി ഹൗസില്‍ ഷംസീറയെ (38) യെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതത്.

കഴിഞ്ഞ ഡിസംബര്‍ 28, 30 തീയ്യതികളിലാണ് കണ്ണൂര്‍ നഗരത്തിലെ നാലോളം സ്ഥാപനങ്ങളില്‍ കയറി ഇവര്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. 28 ന് വൈകിട്ട് കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ഇബ്രാഹിമിന്റെ വസ്ത്ര സ്ഥാപനത്തില്‍ കയറി അവിടെ കൗണ്ടറില്‍ വെച്ചിരുന്ന 13,000 രൂപ വിലവരുന്ന ഫോണും വൈകിട്ട് ആറരയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ മനോജ് കാരായിയുടെ ഫാബിയ ഇന്നര്‍ വേള്‍ഡ് ആന്‍ഡ് ഡെയ്‌ലി വെയര്‍ എന്ന സ്ഥാപനത്തിലെ കൗണ്ടറില്‍ നിന്നും 14000 രൂപ വിലയുള്ള ഫോണും മോഷ്ടിച്ചു.

30 ന് ഉച്ചയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ തന്നെ ഫാന്‍സി ഷോപ്പില്‍ നിന്നും കൗണ്ടറില്‍ വെച്ചിരുന്ന ജീവനക്കാരിയുടെ 24,000 രൂപ വിലവരുന്ന ഫോണും മോഷ്ടിച്ചു. സ്ഥാപനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനുമായി എത്തി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെയാണ് ഇവര്‍ കവര്‍ച്ച നടത്തിവരുന്നതെന്ന് പൊലിസ് പറഞ്ഞു. ഇങ്ങനെ മോഷ്ടിക്കുന്ന ഫോണുകള്‍ വളരെ ചെറിയ വിലയ്ക്ക് തിരൂര്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്തുകയാണ് ചെയ്തു വന്നിരുന്നതെന്നും പൊലിസ് പറഞ്ഞു.

കണ്ണൂരില്‍കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. കൂടെ മുണ്ടായിരുന്ന കൗമാരക്കാരനായ മകനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. അന്വേഷണത്തില്‍ പ എസ്.ഐമാരായ പി.പി ഷമീല്‍, പി.പി വില്‍സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.